ഡീഗോ ഫോർലാൻ ബൂട്ടഴിച്ചു

യുറുഗ്വെ ഇതിഹാസം ഡീഗോ ഫോർലാൻ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നു വിരമിച്ചു. 21 വർഷങ്ങൾ നീണ്ട കരിയറിനാണ് ഫോർലാൻ അന്ത്യം കുറിച്ചത്. സ്പാനിഷ് ചാനലായ ടെലിമുണ്ടോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് 40കാരനായ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. ഹോങ്കോങ് ക്ലബ് കിച്ചിയുടെ താരമായിരുന്ന അദ്ദേഹം ഒരു വർഷത്തോളമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
2002ൽ അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ഫോർലാൻ ഫ്രീകിക്ക് സ്പെഷ്യലിസ്റ്റ് എന്ന വിശേഷണത്തിലാണ് അറിയപ്പെട്ടിരുന്നു. മികച്ച ഫിനിഷിംഗ് സ്കില്ലുകളും പന്തടക്കവുമുള്ള അദ്ദേഹം 2010 ലോകകപ്പിൽ ഉറുഗ്വേയെ സെമിഫൈനലിൽ എത്തിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചിരുന്നു. ലോകകപ്പിലെ ടോപ്സ്കോറർമാരിലൊരാളായ അദ്ദേഹം മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കിയിരുന്നു.
ഉറുഗ്വെയ്ക്കായി ആകെ 112 മത്സരങ്ങളിലാണ് ഫോർലാൻ ബൂട്ടണിഞ്ഞത്. അന്താരാഷ്ട്ര കരിയറിൽ 36 ഗോളുകൾ സ്കോർ ചെയ്ത അദ്ദേഹം 2015 മാർച്ച് 11 ന് ദേശീയ ടീമിൽ നിന്നു വിരമിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, വിയ്യാറയൽ, അത്ലെറ്റിക്കോ മഡ്രിഡ്, ഇന്റർമിലാൻ തുടങ്ങിയ യൂറോപ്യൻ ക്ലബുകളിൽ കളിച്ച ഫോർലാൻ ഐ.എസ്.എല്ലിൽ മുംബൈ സിറ്റിക്കായും ബൂട്ടുകെട്ടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here