വിദേശ കോച്ചുകൾ വേണ്ടെന്ന് തീരുമാനം; പരിശീലകനായി രവി ശാസ്ത്രി തന്നെ തുടർന്നേക്കും

ഇന്ത്യൻ ദേശീയ ടീം പരിശീലകനായി രവി ശാസ്ത്രി തന്നെ തുടർന്നേക്കും. വിദേശ കോച്ചുകളെ വേണ്ടെന്ന ഉപദേശ സമിതി അംഗങ്ങളുടെ തീരുമാനമാണ് ശാസ്ത്രി തുടരാനുള്ള സാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉപദേശക സമിതിയിലെ ഒരു അംഗത്തെ ഉദ്ധരിച്ച് ഐഎഎൻഎസ് ആണ് ഇത് റിപ്പോർട്ട് ചെയ്തത്.
“ഒരു വിദേശ പരിശീലകനെ കൊണ്ടു വരാൻ ഞങ്ങൾക്ക് താത്പര്യമില്ല. എന്നാലും ഗാരി കേർസ്റ്റനെ പോലൊരാൾ അപേക്ഷ സമർപ്പിച്ചതു കൊണ്ട് അതൊന്നു പരിശോധിക്കും. എന്നാലും ഇന്ത്യക്കാർക്ക് തന്നെയാവും മുൻതൂക്കം. മാത്രമല്ല, ശാസ്ത്രിക്കു കീഴിൽ ടീം നല്ല പ്രകടനം നടത്തുന്നുണ്ട്. പിന്നെ എന്തിനാണ് അത് മാറ്റുന്നത്. ഇപ്പോഴത്തെ നിലയനുസരിച്ച് ശാസ്ത്രി തുടരാനാണ് സാധ്യത.”- ഉപദേശക സമിതി അംഗം പറഞ്ഞു.
നേരത്തെ ശാസ്ത്രിയെ പിന്തുണച്ച് നായകൻ വിരാട് കോലിയും രംഗത്തു വന്നിരുന്നു. രവി ശാസ്ത്രി പരിശീലക സ്ഥാനത്തു തുടരുന്നതാണ് തനിക്ക് സന്തോഷമെന്ന് കോലി പറഞ്ഞു. വിൻഡീസ് പരമ്പരയ്ക്കു മുൻപ് നടത്തിയ പത്രസമ്മേളനത്തിനിടെയായിരുന്നു കോലിയുടെ വെളിപ്പെടുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here