കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി

കോതമംഗലത്തിന് സമീപം കുട്ടമ്പുഴയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കുട്ടമ്പുഴ പഞ്ചായത്തിലെ നൂറേക്കർ ഭാഗത്താണ് കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്. ആനയ്ക്ക് 10 വയസ് പ്രായമുള്ളതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന പുരയിടത്തിന് സമീപത്തെ തെങ്ങ് കുത്തിമറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു വീണാണ് ഷോക്കേറ്റതെന്ന് കരുതുന്നു.
Read Also; ചന്ദനക്കാംപാറയിൽ കാട്ടാന കിണറ്റിൽ വീണു; ആനയെ രക്ഷിക്കാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ
രാത്രി തെങ്ങ് മറിച്ചിടുന്ന ശബ്ദവും ആനയുടെ അലർച്ചയും കേട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ശബ്ദം കേട്ട ഭാഗത്ത് രാവിലെ നാട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ കുട്ടമ്പുഴ റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചു. റേഞ്ച് ഓഫീസർ എസ്. രാജന്റെ നേതൃത്വത്തിൽ വനപാലകർ സംഭവസ്ഥലതെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. കുട്ടമ്പുഴ, പൂയംകുട്ടി ഭാഗങ്ങളിൽ പുഴ കടന്ന് കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് എത്തുന്നത് സ്ഥിരം സംഭവമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here