Advertisement

വിരുദ്ധതാത്പര്യത്തിൽ ദ്രാവിഡിന് നോട്ടീസ്; അവധിയെടുത്തിട്ട് കാര്യമില്ലെന്ന് ബിസിസിഐ

August 9, 2019
0 minutes Read

വിരുദ്ധ താത്പര്യ പ്രശ്‌നത്തില്‍ രാഹുല്‍ ദ്രാവിഡിനെതിരെ നോട്ടീസ് അയച്ചതിനെ ന്യായീകരിച്ച് ബിസിസിഐ എത്തിക്സ് കമ്മറ്റി. അവധിയെടുക്കുകയോ ശമ്പളം വാങ്ങാതിരിക്കുകയോ ചെയ്താല്‍ തീരുന്നതല്ല ഈ പ്രശ്‌നമെന്ന് എത്തിക്‌സ് കമ്മിറ്റി ഓഫീസര്‍ ജസ്റ്റീസ് ഡി.കെ ജയിന്‍ വ്യക്തമാക്കി.

സുപ്രീം കോടതി നിയോഗിച്ച ബിസിസിഐയുടെ ഭരണസമിതി ഇക്കാര്യത്തില്‍ ദ്രാവിഡിനോട് ലീവെടുത്ത് പ്രശ്‌നപരിഹാരം കാണാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ലീവെടുത്തിട്ട് കാര്യമില്ലെന്നും, ലീവെടുത്തെന്ന് കരുതി ഒരാള്‍ ഒരു പദവിയില്‍ നിന്നും ഒഴിവാകുന്നില്ലെന്നും എത്തിക്‌സ് കമ്മിറ്റി വ്യക്തമാക്കിയത്.

ഭിന്ന താൽപര്യ വിഷയത്തിൽ കഴിഞ്ഞ ദിവസമാണ് ബിസിസിഐ എത്തിക്സ് കമ്മിറ്റി രാഹുൽ ദ്രാവിഡിന് നോട്ടിസ് അയച്ചത്. രണ്ട് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന നിർദ്ദേശത്തോടെയായിരുന്നു ഇത്. നാഷനൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ) ഡയറക്ടർ പദവി വഹിക്കുന്ന ദ്രാവിഡ്, ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ ഉടമസ്ഥരായ ഇന്ത്യാ സിമന്റ്സ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റു കൂടിയാണ്. ഇത് ഭിന്ന താൽപര്യ മാനദണ്ഡത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നാണ് ദ്രാവിഡിനെതിരെ ആരോപണമുയർത്തിയ മധ്യപ്രദേശിൽനിന്നുള്ള സഞ്ജയ് ഗുപ്ത ചൂണ്ടിക്കാട്ടുന്നത്.

മുൻ താരങ്ങളായ വി.വി.എസ്. ലക്ഷ്മൺ, സച്ചിൻ തെൻഡുൽക്കർ എന്നിവർക്കെതിരെയും മുൻപ് ഭിന്ന താൽപര്യം ആരോപിച്ച് രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് ഗുപ്ത. ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായിരിക്കെ ഇരുവരും ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് ടീമുകളുടെ മെന്റർ പദവിയും വഹിക്കുന്നുവെന്നായിരുന്നു ആരോപണം.

അന്ന് ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച സച്ചിനും ലക്ഷ്മണും, ഭിന്ന താൽപര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. മറിച്ച് തെളിയിച്ചാൽ ബിസിസിഐ ഉപദേശക സമിതിയിലെ അംഗത്വം രാജിവയ്ക്കാമെന്നും ഇരുവരും ബിസിസിഐ എത്തിക്സ് കമ്മിറ്റിയെ അറിയിച്ചിരുന്നു. ഭിന്ന താൽപര്യ വിഷയത്തിൽ വിവാദത്തിൽപ്പെട്ട വ്യക്തിയാണ് സൗരവ് ഗാംഗുലിയും. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരിക്കെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ മെന്റർ പദവിയും വഹിക്കുന്ന സാഹചര്യത്തിലാണിത്.

നോട്ടീസ് നല്‍കിയതിനു പിന്നാലെ ഈ നടപടിയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കൈട്ടെയെന്നായിരുന്നു മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പ്രതികരണം. ഇത് രാഹുലിനെ അപമാനിക്കുന്നതിനു തുല്യമാണെന്നായിരുന്നു ഹര്‍ഭജന്‍ സിംഗ് പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top