കോലി-രോഹിത് തർക്കം; അങ്ങനെയൊന്നില്ലെന്ന് അവർ പറഞ്ഞാലും മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുമെന്ന് ഗവാസ്കർ

കോലിയും രോഹിതും തമ്മിൽ തർക്കമുണ്ടെന്ന വാർത്തകൾ മാധ്യമസൃഷ്ടിയെന്ന് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. തങ്ങൾക്കിടയിൽ അങ്ങനെയൊന്നിലെന്ന് അവർ പറഞ്ഞാലും മാധ്യമങ്ങൾ അത് സമ്മതിക്കില്ലെന്നും അവർ ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ടേ ഇരിക്കുമെന്നും ഗവാസ്കർ കുറ്റപ്പെടുത്തി.
രോഹിത് മല്‍സരത്തില്‍ എപ്പോള്‍ പുറത്തായാലും ചിലര്‍ അത് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു കൊണ്ടിരിക്കും. മനപ്പൂര്‍വ്വമാണ് രോഹിത് ഔട്ടായതെന്നും അവര്‍ വാര്‍ത്തകളിലൂടെ ആരോപിക്കും. കോലിയും രോഹിത്തും തമ്മില്‍ തര്‍ക്കമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നന്‍മ ആഗ്രഹിക്കുന്നവരല്ല. ചിലപ്പോള്‍ ടീമിലെ അസ്വസ്ഥരായ ഏതെങ്കിലുമൊരു താരമായിരിക്കാം ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്കു നല്‍കുന്നത്. അയാളുടെ കുശുമ്പും അസൂയയും ടീമിനെയാണ് തകര്‍ക്കുന്നതെന്നും ഗവാസ്‌കര്‍ പറയുന്നു.
കോലിയും രോഹിത്തും തികച്ചും പ്രൊഫഷണലായ താരങ്ങളാണ്. മാധ്യമങ്ങളില്‍ വരുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിക്കാന്‍ അവര്‍ക്കു താല്‍പ്പര്യമില്ല. ഗ്രൗണ്ടിലിറങ്ങി ഇന്ത്യയെ ജയിപ്പിക്കണമെന്ന ലക്ഷ്യം മാത്രമേ അവര്‍ക്കുള്ളൂ. മറ്റൊന്നും അവര്‍ കാര്യമാക്കാറില്ല. ഇനിയൊരു 20 വര്‍ഷം കഴിഞ്ഞാലും കോലി-രോഹിത് തര്‍ക്കമുണ്ടെന്ന വാര്‍ത്തകള്‍ അവസാനിക്കാന്‍ പോവുന്നില്ലെന്നും ഗവാസ്‌കര്‍ വിശദമാക്കി.
താനും രോഹിതും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ കണ്ടപ്പോള്‍ അസ്വസ്ഥതയാണ് അനുഭവപ്പെട്ടതെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകളോട് കോലി പ്രതികരിച്ചത്. ഇത്തരം അസംബന്ധങ്ങള്‍ വായിക്കുമ്പോള്‍ അസ്വസ്ഥനാവുന്നു. നല്ല കാര്യങ്ങളെക്കുറിച്ചൊന്നും പറയാന്‍ ശ്രമിക്കാതെ കഥകള്‍ മെനഞ്ഞ് ഇല്ലാത്തത് പെരുപ്പിച്ച് കാണിക്കുകയാണ് ചെയ്യുന്നത്. രോഹിതുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും കോലി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here