Advertisement

‘ഉമ്മ ന്നെ ഒന്ന് കെട്ടിപ്പിടിച്ച് കിടക്കോ, ഉറങ്ങാൻ പറ്റണില്ല്യ’

August 9, 2019
2 minutes Read

‘ഉമ്മ ന്നെ ഒന്ന് കെട്ടിപ്പിടിച്ച് കിടക്കോ, ഉറങ്ങാൻ പറ്റണില്ല്യ’…, മുനീറ ഇത് പറയുമ്പോൾ മകനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇത് പറഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ആ പ്രതീക്ഷകളെല്ലാം കെടുത്തി മുനീറയുടെ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചുവെന്ന വാർത്തയെത്തി. മകൻ മരിച്ച വിവരം മുനീറയെ അറിയിച്ചിട്ടില്ല. വയനാടിന്റെ ചരിത്രത്തിൽ ആദ്യമായി ഉണ്ടായ ആ വലിയ ദുരന്തത്തെക്കുറിച്ച് മുനീറ പറയുകയാണ്. മകനൊപ്പമുള്ള അവസാന നിമിഷങ്ങളെ കുറിച്ചും.

ഇന്നലെയാണ് മേപ്പാടി പുത്തുമലയിൽ നൂറേക്കറോളം വരുന്ന പ്രദേശം ഒറ്റയടിക്ക് ഇല്ലാതായത്. അതിന് ദിവസങ്ങൾ മുൻപ് പ്രദേശത്ത് കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായിരുന്നതായി മുനീറ പറയുന്നു. റോഡുകൾ മൂടുന്ന വിധത്തിൽ നദികൾ യോജിച്ച് ഒഴുകി തുടങ്ങി. അടുക്കളയ്ക്ക് സമീപത്തൂടെ ഒരു അരുവി ഒഴുകുന്നുണ്ട്. സംഭവ ദിവസത്തിന് തൊട്ടു തലേ ദിവസം ആ അരുവിയിൽ വെള്ളത്തിന്റെ അളവ് കൂടി. വെള്ളം അധികമായാൽ കുട്ടിയെ എടുത്ത് ഓടാമെന്നാണ് കരുതിയത്.

അപകടം നടന്ന ദിവസം രാവിലെ ആറ് മണിക്ക് ഉണർന്നു. അപ്പോഴേക്കും പ്രശ്‌നങ്ങൾ കൂടുതൽ വഷളായിരുന്നു. റോഡുകളിൽ വെള്ളം കയറി നിറഞ്ഞൊഴുകി തുടങ്ങി. നൂറ്റമുപ്പതോളം പേരെ സ്‌കൂളുകളിൽ തുടങ്ങിയ ക്യാപുംകളിലേക്ക് മാറ്റി. വെള്ളം കയറുന്ന അവസ്ഥയെ പലരും ഭയത്തോടെയാണ് നോക്കി കണ്ടത്. ഞങ്ങൾക്ക് സ്വന്തമായി ഒരു ചായക്കടയുണ്ട്. അവിടെ ചായകുടിച്ച് ഇരിക്കുന്ന സമയത്താണ് കുഞ്ഞിന് ഉറക്കം വരുന്നുണ്ടെന്നും കൊണ്ടുപോയി കിടത്തണമെന്നും പറഞ്ഞത്. ‘ഉമ്മ ന്നെ ഒന്ന് കെട്ടിപ്പിടിച്ച് കിടക്കോ, ഉറങ്ങാൻ പറ്റണില്ല്യ’ന്ന് അവൻ പറഞ്ഞ്. ചായ കൊടുത്തിട്ട് വരാമെന്ന് പറഞ്ഞ് മീൻ വറക്കാനായി പോയി. അപ്പോഴാണ് എന്തോ ഇരമ്പിവരുന്ന ശബ്ദം കേട്ടത്. കുറേ ആളുകൾ ചേർന്ന് രക്ഷപ്പെടുത്തി…., മുനീറ പറഞ്ഞു നിർത്തി.

പതിമൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മുനീറയ്ക്കും ഭർത്താവ് ഷൗക്കത്തിനും കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിന് മൂന്ന് വയസായിരുന്നു. അപകടത്തിൽ പരിക്കേറ്റ മുനീറയും ഭർത്താവും വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top