നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു

ആലപ്പുഴയിൽ നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മഴക്കെടുതിയും പ്രളയ സാധ്യതയും മൂലമാണ് ആഗസ്റ്റ് 10 ന് നടത്താനിരുന്ന 67-ാമത് നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചത്.
ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളോടെ ജലമേളയ്ക്ക് തുടക്കമിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറെ ആയിരുന്നു മുഖ്യാതിഥിയായി തീരുമാനിച്ചിരുന്നത്. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷവും വള്ളംകളി മാറ്റിയിരുന്നു.
അതിനിടെ കനത്തമഴയെ തുടർന്ന് ഞായറാഴ്ച വരെയുള്ള ആറന്മുള വള്ളസദ്യ വഴിപാടുകൾ മാറ്റിവച്ചു. നാല് പള്ളിയോടങ്ങൾക്ക് വെള്ളിയാഴ്ച നടത്താനിരുന്ന വഴിപാടുകൾ നേരത്തെ മാറ്റിവച്ചിരുന്നു. ശനിയാഴ്ച പന്ത്രണ്ടും ഞായർ പതിനാല് വള്ളസദ്യയും നടത്താണ് നിശ്ചയിച്ചിരുന്നത്.
പള്ളിയോടങ്ങൾക്ക് വഴിപാടായാണ് വള്ളസദ്യകൾ നടത്തുന്നത്. വഴിപാടുകൾക്കായി പള്ളിയോടങ്ങൾക്ക് ആറന്മുളയിൽ എത്താൻ കഴിയാത്ത തരത്തിൽ പമ്പയിൽ ശക്തമായ ഒഴുക്കാണുള്ളത്. ജില്ലാ ഭരണകൂടം വെള്ളി മുതൽ പള്ളിയോടങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. മണിയാർ ഡാം തുറന്നതും മൂഴിയാർ ഡാം തുറക്കാനുള്ള സാധ്യതയും ദുരന്തനിവാരണ വിഭാഗത്തിന്റെ അറിയിപ്പും കണക്കിലെടുത്താണ് വഴിപാടുകൾ മാറ്റി വയ്ക്കാൻ പള്ളിയോട സേവാസംഘം തീരുമാനിച്ചത്. മാറ്റിവച്ച വള്ളസദ്യകൾ നടത്താനുള്ള തീയതി കരക്കാരും വഴിപാടുകാരും പള്ളിയോട സേവാസംഘവും ചേർന്ന് തീരുമാനിക്കും. ഞായറാഴ്ച 2.30 ന് നടക്കുന്ന പള്ളിയോടസേവാസംഘം പൊതുയോഗവും വിഷയം ചർച്ച ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here