മമ്മൂട്ടിക്കും പേരൻപിനും പുരസ്കാരം നൽകിയില്ല; തനിക്കു വിദ്വേഷ സന്ദേശങ്ങൾ ലഭിക്കുന്നുവെന്ന് ജൂറി അധ്യക്ഷൻ: മാപ്പു ചോദിച്ച് മമ്മൂട്ടി

ദേശീയ ചലച്ചിത്രോത്സവത്തോടനുബന്ധിച്ചുള്ള വിവാദങ്ങൾ കൊഴുക്കുകയാണ്. അർഹരായവർക്ക് പുരസ്കാരങ്ങൾ നൽകിയില്ലെന്നും അനർഹർക്കാണ് പുരസ്കാരങ്ങൾ നൽകിയതെന്നുമുള്ള ആരോപണങ്ങൾ ശക്തമാണ്. ഇതിനിടെ മമ്മൂട്ടിക്കും പേരൻപിനും പുരസ്കാരം നൽകിയില്ലെന്ന കാരണത്താൽ തനിക്ക് വിദ്വേഷ സന്ദേശങ്ങൾ വരുന്നുണ്ടെന്ന ജൂറി അദ്ധ്യക്ഷനും സംവിധായകനുമായ രാഹുൽ രവൈലിൻ്റെ വെളിപ്പെടുത്തൽ മലയാളികൾക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു രവൈലിൻ്റെ അറിയിപ്പ്.
മമ്മൂട്ടിയ്ക്കുള്ള സന്ദേശം എന്ന നിലയിലായിരുന്നു രവൈലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘മിസ്റ്റർ മമ്മൂട്ടി, നിങ്ങളുടെ ആരാധകരിൽ നിന്നും, അല്ലെങ്കിൽ ആരാധക്കൂട്ടം എന്ന് വിളിക്കപ്പെടുന്നവരിൽ നിന്നും ഒട്ടേറെ വിദ്വേഷ മെയിലുകൾ എനിക്ക് വരുന്നുണ്ട്. പേരൻപിലെ അഭിനയത്തിനു പുരസ്കാരം നൽകാത്തതെന്ത് എന്ന ചോദ്യത്തോടെയായിരുന്നു മെയിലുകൾ. ഇക്കാര്യത്തിൽ എൻ്റെ ഭാഗം ഞാൻ പറയട്ടെ. ഒന്നാമതായി, ജൂറി തീരുമാനത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. രണ്ടാമതായി, നിങ്ങൾ പറയുന്ന പേരൻപ് പ്രാദേശിക പാനൽ തള്ളിക്കളഞ്ഞതാണ്. അതുകൊണ്ട് തന്നെ സെൻട്രൽ പാനലിലേക്ക് സിനിമ വന്നിട്ടില്ല. നിങ്ങൾ ആരാധകർ ഇക്കാര്യത്തിൽ തല്ലുപിടിക്കുന്നത് നിർത്തണം.’- രവൈൽ തൻ്റെ ആദ്യ പോസ്റ്റിലൂടെ പറഞ്ഞു.
തുടർന്ന് രണ്ടാമതൊരു പോസ്റ്റ് കൂടി രവൈൽ ഫേസ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയുടെ മറുപടി എന്ന നിലയിലായിരുന്നു പോസ്റ്റ്. ‘മമ്മൂട്ടിയിൽ നിന്നുള്ള മറുപടി: ‘ക്ഷമിക്കണം സർ. ഇക്കാര്യത്തെപ്പറ്റി എനിക്ക് യാതൊരു അറിവുമില്ല. എങ്കിലും സംഭവിച്ചു പോയതിനോട് ഞാൻ മാപ്പ് ചോദിക്കുന്നു’
രവൈലിൻ്റെ പോസ്റ്റുകൾക്കടിയിലും ആരാധകർ വിദ്വേഷ കമൻ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും സംഭവം കേരള ജനതയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here