ആലപ്പുഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല; മുൻ കരുതലെടുത്തിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക്ക്

ഇടവിട്ട് പെയ്യുന്ന കനത്ത മഴയ്ക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവ് വർദ്ധിച്ചതും ആലപ്പുഴയിൽ നദികളിലെ നീരൊഴുക്ക് ഉയർത്തിയിട്ടുണ്ട്. പമ്പയാറും അച്ഛൻ കോവിലാറും കരകവിഞ്ഞതോടെ പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വൈകിട്ടോടെ ആലപ്പുഴ- ചങ്ങനാശേരി റോഡിൽ കൂടുതൽ ഇടങ്ങളിൽ വെള്ളം കയറി. അതേസമയം ആലപ്പുഴയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ എല്ലാം എടുത്തിട്ടുണ്ടെന്നും മന്ത്രി തോമസ് ഐസക് 24 നോട് പ്രതികരിച്ചു.
രാവിലെ മുതൽ ഉച്ചവരെ മഴ കാര്യമായി പെയ്യാതിരുന്നത് ആലപ്പുഴയിൽ ആശ്വാസത്തിന് വഴിയൊരുക്കിയിരുന്നു എങ്കിലും വൈകിട്ടോടെ മഴ ശക്തമാകുകയായിരുന്നു. ഒപ്പം ജില്ലയിലൂടെ കടന്ന് പോകുന്ന പ്രധാന നദികളിലെ ജലനിരപ്പും കാര്യമായി ഉയർന്നത് നേരിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ നാളെ മുതൽ ജില്ലയിൽ ഗ്രീൻ അലർട്ട് മാത്രമാണുള്ളത്. ഒപ്പം പത്തനംതിട്ട, കോട്ടയം അടക്കമുള്ള മേഖലകളിൽ മഴ കുറയുക കൂടി ചെയ്താൽ പ്രതിസന്ധി അയയും. മുൻ വർഷത്തെ പ്രളയകാലത്തിന് സമാനമായ ഒരു സാഹചര്യവും ആലപ്പുഴയിൽ ഇല്ലെന്നും, ഏത് സാഹചര്യവും നേരിടാൻ സർവ സജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി തോമസ് ഐസക് 24 നോട് പറഞ്ഞു.
അതേസമയം തണ്ണീർക്കം ബണ്ടിന്റെ കൂടുതൽ ഷട്ടറുകൾ ഉയർത്തുകയും തോട്ടപ്പള്ളി സ്പിൽവേയിലൂടെ കടലിലേക്ക് വെള്ളം ഒഴുക്കിവിടാൻ സൗകര്യം വർദ്ധിപ്പിച്ചതും വെള്ളക്കെട്ടിനെ തടയുന്നുണ്ട്. അതേസമയം ചെങ്ങന്നൂരിലടക്കം 24 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ
ചെങ്ങന്നുരിൽ നദീ തീരങ്ങളിൽ താമസിക്കുന്നവരെ ഇന്ന് തന്നെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റും. മാറാത്തവരെ പോലീസിന്റെ സഹായത്തോടെ രാത്രിക്ക് മുൻപേ ക്യമ്പിലേക്ക് എത്തിക്കും
ഫയർ ഫോർഴ്സിനെ പൂർണമായും റെസ്കൂ ഓപറേഷനിലേക്ക് മാറ്റി. ദുരന്ത നിവാരണ സേനയ്ക്കൊപ്പം മൽസ്യതൊഴിലാളികളുടെ 100 ഓളം വള്ളങ്ങൾ സജ്ജമായി എത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here