Advertisement

പ്രളയക്കെടുതി; നഗരസഭകളിലും പഞ്ചായത്തുകളിലും ക്രമീകരണം ഏർപ്പെടുത്തിയതായി മന്ത്രി എ സി മൊയ്തീൻ

August 11, 2019
0 minutes Read

കാലവർഷക്കെടുതിയെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ സ്വീകരിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ സി മൊയ്തീൻ. അവധിയിൽ പ്രവേശിച്ചിരിക്കുന്നതുൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരും അടിയന്തരമായി ജോലിക്ക് ഹാജരാകുന്നതിനും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും കർശന നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

ദുരിതാശ്വാസക്യാമ്പുകളിൽ ശുദ്ധമായ കുടിവെള്ളവും സാനിറ്ററി സൗകര്യങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സജ്ജമാക്കും. ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളിൽനിന്ന് തദ്ദേശവാസികളെ രക്ഷപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. വീടുകളിലും മറ്റു കെട്ടിടങ്ങളിലും കുടുങ്ങിപ്പോയവർക്ക് ഭക്ഷണസാധനങ്ങൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ എത്തിക്കും.

ദുരിതബാധിത പ്രദേശങ്ങളിൽ സാംക്രമികരോഗങ്ങളും പകർച്ചവ്യാധികളും തടയുന്നതിനും ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നതിനും നിർദേശിച്ചിട്ടുണ്ട്. ആശുപത്രികൾക്ക് ആവശ്യമായ മരുന്നു വാങ്ങി നൽകുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യമായ ഫണ്ട് വിനിയോഗിക്കാം.

ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന അടിയന്തര പ്രവർത്തനങ്ങൾക്കുള്ള നടപടികൾ ലഘൂകരിച്ചിട്ടുണ്ട്. ഉപയോഗശൂന്യമായ പൊതു കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിച്ച് പ്രവർത്തന യോഗ്യമാക്കും. രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനും തടസ്സപ്പെട്ട റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിനും തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യമായ തുക ചെലവഴിക്കാം. ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി സാധനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും ഇലക്ട്രീഷ്യന്മാരുടെയും പ്ലംബർമാരുടെയും സേവനം പ്രയോജനപ്പെടുത്തുന്നതിനും തുക ചെലവഴിക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. ദുരിതാശ്വാസപ്രവർത്തനവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളെയും ഏജൻസികളെയും ചുമതലപ്പെടുത്താത്ത മേഖലകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രവൃത്തികൾ ഏറ്റെടുത്തു നടത്താം.

മന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. 04712332700, 8301804834 എന്നീ നമ്പറുകളിൽ മന്ത്രിയുടെ ഓഫീസിലെ കൺട്രോൾ റൂമിൽ ബന്ധപെടാവുന്നതാണ്.

ദുരിതാശ്വാസ നടപടികൾ ഏകോപിപ്പിക്കുന്നതിന് സെക്രട്ടറിയേറ്റിലെ തദ്ദേശസ്വയംഭരണ വകുപ്പിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. 0471 2786322, 9387212701 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പഞ്ചായത്ത്, നഗരകാര്യം, ചീഫ് എൻജിനീയർ (ഘടഏഉ), കുടുംബശ്രീ, ലൈഫ്മിഷൻ, ചീഫ് ടൗൺപ്ലാനർ, ഇൻഫർമേഷൻ കേരള മിഷൻ എന്നീ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും മുഴുവൻ സമയ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top