രാഹുൽഗാന്ധി കവളപ്പാറയിലെത്തി; ഉരുൾപൊട്ടലുണ്ടായ സ്ഥലവും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു

കനത്ത മഴയും ഉരുൾപൊട്ടലുമുണ്ടായ വയനാട്,മലപ്പുറം ജില്ലകളിലെ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി വയനാട് എം.പി രാഹുൽ ഗാന്ധി കേരളത്തിലെത്തി. ഉച്ചയ്ക്ക് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധി തുടർന്ന് ഉരുൾപൊട്ടൽ ഏറ്റവുമധികം നാശം വിതച്ച കവളപ്പാറയ്ക്ക് സമീപമുള്ള ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. കവളപ്പാറയിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ താമസിക്കുന്ന പോത്തുകല്ലിലെ ക്യാമ്പിലേക്കാണ് വൈകീട്ട് നാലരയോടെ രാഹുലെത്തിയത്. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായവർ ക്യാമ്പിലെത്തിയ രാഹുലുമായി വേദനകൾ പങ്കുവെച്ചു.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും രാഹുൽ ഗാന്ധിയോടൊപ്പം കവളപ്പാറയിൽ എത്തിയിരുന്നു. കവളപ്പാറയിലെ സന്ദർശനത്തിന് ശേഷം, ഉരുൾപൊട്ടലുണ്ടായ പ്രദേശവും രാഹുൽ സന്ദർശിച്ചു. മമ്പാടും എടവണ്ണയിലുമുള്ള ദുരിതാശ്വാസ ക്യാമ്പുകൾ കൂടി രാഹുൽ ഇന്ന് സന്ദർശിക്കും. ഇതിന് ശേഷം രാത്രി 7 ന് കളക്ടറേറ്റിൽ ചേരുന്ന അവലോകന യോഗത്തിലും രാഹുൽ പങ്കെടുക്കും. തുടർന്ന് നാളെ വയനാട് ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിലും രാഹുൽ ഗാന്ധി സന്ദർശനം നടത്തും. അപകടവിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തനങ്ങളെപ്പറ്റിയും ദുരിതാശ്വാസ പ്രവർത്തനങ്ങളെപ്പറ്റിയും മുഖ്യമന്ത്രി പിണറായി വിജയനുമായും ജില്ലാ കളക്ടർമാരുമായും രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here