ഗുസ്തി താരം ബബിത ഫോഗട്ടും അച്ഛൻ മഹാവീർ ഫോഗട്ടും ബിജെപിയിൽ ചേർന്നു

ഗുസ്തി താരം ബബിത ഫോഗട്ടും അച്ഛൻ മഹാവീർ ഫോഗട്ടും ബിജെപിയിൽ ചേർന്നു. ഡൽഹിയലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജു അംഗത്വം നൽകി. ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ നടപടിയ്ക്ക് പിന്തുണമായി ബബിത ഫോഗട്ട് നേരത്തേ രംഗത്തുവന്നിരുന്നു. ഹരിയാനയിലെ ബിജെപി സർക്കാരിനേയും ഇരുവരും പുകഴ്ത്തി.
ആമിർ ഖാൻ കേന്ദ്ര കഥാപാത്രമായി എത്തി തരംഗം സൃഷ്ടിച്ച ഹിറ്റ് ചിത്രം ദംഗലിന് പ്രചോദനമായത് ബബിതയുടേയും അച്ഛൻ മഹാവീർ ഫോഗട്ടിന്റേയും ജീവിതമായിരുന്നു. നേരത്തേ ഹരിയാന സർക്കാരിനെതിരെ ബബിത കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഡെപ്യൂട്ടി എസ്പിയായി ഉയർത്തിയില്ലെന്നാരോപിച്ചായിരുന്നു ബബിത സർക്കാരിനെതിരെ കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി കോടതി തള്ളി. തുടർന്ന് സബ് ഇൻസ്‌പെക്ടർ സ്ഥാനം ബബിത രാജിവയ്ക്കുകയായിരുന്നു. ഈ ഒരു പശ്ചാത്തലം മറന്നാണ് ബബിതയും പിതാവും ഹരിയാനയിലെ ബിജെപി സർക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയത്.
മറ്റൊരു ഗുസ്തി താരം ഗീതാ ഫോഗട്ടാണ് ബബിതയുടെ സഹോദരി. ദ്രോണാചാര്യ പുരസ്‌കാര ജേതാവാണ് മഹാവീർ ഫോഗട്ട്. അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയാണ് ഇരുവർക്കുമുള്ളത്. .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here