വെള്ളപ്പൊക്കത്തെ തുടർന്ന് ബന്ധു വീട്ടിൽ പോയി; തിരിച്ചുവന്നപ്പോൾ വീട്ടിൽ മോഷണം

വെള്ളപ്പൊക്കത്തെ തുടർന്ന് ബന്ധു വീട്ടിൽ പോയി തിരിച്ചുവന്നപ്പോൾ വീട്ടിൽ കവർച്ച. കോഴിക്കോട് ഫറോക്കിലാണ് വെള്ളപ്പൊക്കം പോലെ തന്നെ മോഷണത്തേയും ജനങ്ങൾക്ക് പേടിക്കേണ്ടി വന്നിരിക്കുന്നത്. ബോട്ട് ജെട്ടി റോഡിലെ നന്ദനത്തിൽ സുബ്രഹ്മണ്യന്റെ വീട്ടിലാണ് രാത്രി കള്ളൻ കയറിയത്.
അടുക്കള വാതിൽ കുത്തിത്തുറന്നാണ് കള്ളൻ അകത്തു കടന്നത്. അലമാരിയിലെ സാധനങ്ങൾ വലിച്ചുവാരിയിട്ട അവസ്ഥയിലാണ്. വീട്ടിലുണ്ടായിരുന്ന 2000 രൂപയും കള്ളൻ മോഷ്ടിച്ചു. ചാലിയാർ തീരത്തുള്ള വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് സുബ്രഹ്മണ്യനും കുടുംബവും നല്ലൂരിലെ ബന്ധു വീട്ടിലേക്കു പോയത്.
വെള്ളം ഇറങ്ങിയതിനെ തുടർന്ന് ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിൻവശത്തെ വാതിൽ പൊളിച്ച നിലയിൽ കണ്ടത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. പ്രളയത്തെ തുടർന്നു ബോട്ട് ജെട്ടി റോഡിലെ നിരവധി കുടുംബങ്ങൾ വീട് ഒഴിഞ്ഞു പോയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here