ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് സൗകര്യം ഉറപ്പാക്കണം; കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ക്യാമ്പുകളിലെ ആളുകളുടെ സൗകര്യങ്ങൾ ശ്രദ്ധിക്കണം. ആവശ്യത്തിന് ശൗചാലയങ്ങൾ ക്യാമ്പുകളിൽ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ വീടുകൾ വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധവേണം. പ്രദേശത്തിന്റെ സാധ്യതകൾ പരിശോധിച്ച് വൃത്തിയാക്കലിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുടെ സേവനവും സഹകരണവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളം കയറി നാശമുണ്ടായ കടകളുടെ ശുചീകരണത്തിനും സഹായമെത്തിക്കണം. ചില ടൗണുകളിലാകെ വെള്ളം കയറി കടകൾക്ക് നാശമുണ്ടായിട്ടുണ്ട്. വൃത്തിയാക്കാനുള്ള സഹായമുറപ്പാക്കുന്നവർക്കൊപ്പം ഇൻഷുർ ചെയ്തിട്ടുള്ള കടക്കാർക്ക് അത് ലഭിക്കാനുള്ള സഹായങ്ങളും നൽകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
വീടുകൾ നശിച്ചവർക്ക് ക്യാമ്പുകൾ അവസാനിച്ചാലും വസിക്കാനായി കൂട്ടായ താമസസ്ഥലങ്ങൾ കളക്ടർമാർ കണ്ടെത്തണം. അത്തരം ക്യാമ്പുകൾക്കായി ഇപ്പോഴേ സ്ഥലം കണ്ടുവെക്കണം. പമ്പ് ഹൗസുകൾ തകരാറിലായ സ്ഥലങ്ങളിൽ കുടിവെള്ളവിതരണം വെള്ളം ഇറങ്ങുന്നമുറയ്ക്ക് വേഗം പുനഃസ്ഥാപിക്കാനാവണം. അതുവരെ ശുദ്ധജലം എത്തിക്കാൻ അടിയന്തര നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here