അഫ്ഗാന് സമാധാനം ലക്ഷ്യമിട്ട് അമേരിക്ക- താലിബാന് എട്ടാം ഘട്ട സമാധാന ചര്‍ച്ച അവസാനിച്ചു

അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അമേരിക്ക-താലിബാന് നടത്തിയ എട്ടാം ഘട്ട സമാധാന ചര്‍ച്ച അവസാനിച്ചു. താലിബാനുമായി ദോഹയില്‍ നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് അമേരിക്കന്‍ പ്രത്യേക നയതന്ത്രപ്രതിനിധി സല്‍മായി ഖലീല്‍സാദ് വ്യക്തമാക്കി. അഫ്ഗാനില്‍ ഉടന്‍ തന്നെ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് അമേരിക്ക-താലിബാന് എട്ടാം ഘട്ട ചര്‍ച്ച നടന്നത്. അഫ്ഗാനിസ്ഥാനില്‍ യുദ്ധത്തിനിടെ നടക്കുന്ന അവസാന ഈദ് ആയിരിക്കും ഇതെന്നും ഉടന്‍ തന്നെ രാജ്യത്ത് സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നും ചര്‍ച്ചയുടെ മുഖ്യ സൂത്രധാരനായ സല്‍മായി ഖലീല്‍സാദ് പറഞ്ഞു. അഫ്ഗാന് ജനത സമാധാനം കൊതിക്കുന്നുണ്ട്. ഇരുവിഭാഗങ്ങളിലെയും നേതാക്കന്മാര് ജനങ്ങള്‍ക്കായി ഉചിതമായ തീരുമാനങ്ങളില്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാന് ജനതയോടൊപ്പം തങ്ങള്‍ ഉറച്ചുനില്‍ക്കുന്നെന്നും നിലനില്ക്കുന്നതും ആദരണീയവുമായ ഒരു സാമാധാന കരാറിനായി കഠിന ശ്രമമാണ് നടത്തുന്നതെന്നും സല്‍മായി ഖലീല്‍സാദ് കൂട്ടിച്ചേര്‍ത്തു. സമാധാന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം അമേരിക്ക സൈന്യത്തെ പിന്‍വലിക്കാനും താലിബാന് വെടിനിര്‍ത്തലിനും ചര്‍ച്ചയില്‍ സമ്മതിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ദീര്‍ഘവും കാര്യക്ഷമവുമായ ചര്‍ച്ചയാണ് നടന്നതെന്നും താലിബാന്റെയും അഫ്ഗാന് സര്‍ക്കാരിന്റെയും തലവന്മാരാണ് ഇനിയുള്ള കാര്യങ്ങളില്‍ ധാരണയുണ്ടാക്കേണ്ടതെന്നും താലിബാന് വക്താവ് സബീബുള്ള മുജാഹിദ് പറഞ്ഞു. ഇതിനിടെ ഇന്ന് 35 താലിബാന് തടവുകാരെ അഫ്ഗാന് ജയില്‍മോചിതരാക്കി. സമാധാന ചര്‍ച്ചയുടെ വിജയത്തിന്റെ സൂചനയായിട്ടാണ് ഈ തീരുമാനം പൊതുവെ വിലയിരുത്തപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here