കവളപ്പാറ അപകടം ഞെട്ടലുണ്ടാക്കുന്നത്; സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി

കവളപ്പാറ അപകടം ഞെട്ടലുണ്ടാക്കുന്നതാണെന്നും സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭൂമി നഷ്ടപ്പെട്ടവർക്ക് പകരം ഭൂമി നൽകുമെന്നും എല്ലാവരും ഒന്നിച്ച് നിന്ന് ഇത്തരം ആപത്ഘട്ടങ്ങളെ വിജയകരമായി അതിജീവിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പ്രളയത്തിൽ കേരളത്തിലെ കൂട്ടായ്മ ലോകം ശ്രദ്ധിച്ചു. ഇത്തവണയും നമ്മൾ ഒന്നിച്ചു നിന്ന് അതിജീവിക്കും. വീടുകൾ നഷ്ടപ്പെട്ടവരും കേടുപാടുകൾ പറ്റിയവരുമായി നിരവധി പേരുണ്ട്. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇനിയും കുറേ ആളുകളെ കണ്ടെത്താനുണ്ട്.
ഇതു പോലൊരു സമയത്ത് ഒന്നിച്ചു നിൽക്കുകയെന്നതാണ് പ്രധാനമെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വയനാട്,മലപ്പുറം ജില്ലകളിലെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ വയനാട് മേപ്പാടിയിലെത്തിയിരുന്നു. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം കളക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗവും ചേർന്നു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here