ഇന്ന് ലോക അവയവദാനദിനം

ഇന്ന് ലോക അവയവദാനദിനം. അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് അവയവദാനം വർദ്ധിച്ചിട്ടുണ്ടെങ്കിലും ഈ വഴിയിൽ ഇനിയും നാം ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നതാണ് യാഥാർത്ഥ്യം.
മാറ്റിവെക്കാൻ അവയവം ലഭ്യമല്ലാത്തതിനാൽ മാത്രം ഓരോ മിനിട്ടിലും പതിനെട്ട് പേർക്കാണ് ലോകത്ത് ജീവൻ നഷ്ടമാകുന്നത്. ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നത് മൂലം പ്രതിവർഷം 5 ലക്ഷം പേരെങ്കിലും രാജ്യത്ത് മരിക്കുന്നുണ്ടെന്നാണ് കണക്ക്. മസ്തിഷ്‌ക മരണം സംഭവിക്കുന്ന ഒരു മനുഷ്യന് എട്ട് പേരുടെ ജീവൻ രക്ഷിക്കാമെന്നിരിക്കെയാണ് ഇത്. രാജ്യത്ത് വർഷം ഏതാണ്ട് 5000 വൃക്കകളും 400 കരളുകളും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഇവയെല്ലാം തന്നെ കൈമാറ്റം ചെയ്യപ്പെടുന്നത് അടുത്ത ബന്ധുക്കൾ തമ്മിൽ മാത്രമാണ്. ഇതിനപ്പുറത്തേയ്ക്ക് അവയവ ദാനം മഹാദാനമാണെന്ന സന്ദേശം എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാരും സന്നദ്ധ സംഘടനകളും.
Read Also : വന്ധ്യതാ ചികിത്സക്കെത്തിയ യുവാവിന്റെ ശരീരത്തിൽ സ്ത്രീ അവയവങ്ങൾ; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ
മുൻകാലങ്ങളെ അപേക്ഷിച്ച് മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ ബന്ധുക്കൾ അവയവദാനത്തിന് മുൻകയ്യെടുക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് സന്നദ്ധ സംഘടനാ പ്രവർത്തകർ പറയുന്നു. നേത്രപടലം, വൃക്ക എന്നിവയുടെ മാറ്റിവയ്ക്കലാണ് കൂടുതലായി നടക്കുന്ന അവയവ മാറ്റങ്ങളെങ്കിലും ഹൃദയം, കരൾ, ശ്വാസകോശം, ആഗ്‌നേയഗ്രന്ഥി, ചെറുകുടൽ എന്നിവയും മാറ്റിവയ്ക്കാവുന്നതാണ്. പക്ഷേ ഇവയുടെ ആവശ്യകതയും ലഭ്യതയും തമ്മിൽ വലിയ അന്തരമുണ്ട്. ഇതിന് കാരണം അവയവദാനത്തെക്കുറിച്ചും അവ മാറ്റിവയ്ക്കുന്നതിനെക്കുറിച്ചുമുള്ള അറിവിന്റെ അഭാവമാണ്. അതുകൊണ്ടുതന്നെ അവയവദാനത്തെക്കുറിച്ച് സമൂഹത്തിൽ ശരിയായ ബോധവത്കരണം നടത്തുക എന്നതായിരിക്കണം സർക്കാരിന്റെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here