Advertisement

സൈന്യത്തെ മറികടന്ന് കഠിന പ്രസവ വേദനയിൽ യുവതി നടന്നത് 6 കിലോമീറ്റർ; കശ്മീരിന്റെ നോവായി ഇൻശ

August 14, 2019
1 minute Read
newborn baby found dead in airasia

കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം അവിടുത്തെ ജനത എത്രത്തോളം ഭീകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇൻശ എന്ന 26കാരിയുടെ അനുഭവം നിങ്ങളോട് പറയും. പൂർണ ഗർഭിണിയായിരുന്ന ഇൻശ അതികഠിനമായ നിമിഷങ്ങളെ അതിജീവിച്ചാണ് തന്റെ കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിലേക്കുള്ള വഴിയിൽ പല തവണ സൈന്യം തടഞ്ഞു. മണിക്കൂറുകളോളം നടന്നാണ് അവർ ആശുപത്രിയിലെത്തിയത്. പ്രസവത്തിന് ശേഷം കുഞ്ഞിനെ ഏറ്റുവാങ്ങാൻ ഒരു തുണിപോലും ആ കുടുംബത്തിന്റെ കൈയിൽ ഉണ്ടായിരുന്നില്ല. കാരണം ആഗസ്റ്റ് അഞ്ച് മുതൽ അവിടുത്തെ കടകൾ അടഞ്ഞുകിടക്കുകയായിരുന്നു.

ആഗസ്റ്റ് ഒൻപത് ശനിയാഴ്ച പുലർച്ചെ ഗർഭപാത്രത്തിലെ വെള്ളം ചോർന്ന് പോയതിനെ തുടർന്ന് ഇൻശയ്ക്ക് കഠിന വേദന അനുഭവപ്പെട്ടു തുടങ്ങി. എത്രയും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കണമായിരുന്നു. ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ ബെമിനയിലാണ് ഇൻശയുടെ മാതാവ് മുബിനയും സഹോദരി നിഷയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. പ്രസവത്തിനായി ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തിയതാണ് ഇൻശ. ഇവിടെ നിന്നും ഏഴ് കിലോമീറ്റർ അകലെയാണ് ലാൽ ദേഡ് ആശുപത്രി. ഇവിടേക്ക് വേണം ഇൻശയെ എത്തിക്കാൻ.

ഉമ്മ മുബീനയും സഹോദരി നിഷയും ചേർന്ന് അയൽവാസിയുടെ ഓട്ടോറിക്ഷയിൽ ഇൻശയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഏതാനും മീറ്ററുകൾക്ക് അപ്പുറത്ത് സൈനികർ വാഹനം തടഞ്ഞുവെച്ചു. കേണപേക്ഷിച്ചിട്ടും വാഹനം കടത്തിവിടാൻ സൈന്യം അനുവദിച്ചില്ല. അതുവഴി പോകാൻ കഴിയില്ലെന്ന നിലപാടിൽ സൈന്യം ഉറച്ചു നിന്നു.

തുടർന്ന് ഏഴ് കിലോമീറ്റർ അകലെയുളള ആശുപത്രിയിലേക്ക് പൂർണഗർഭിണിയായ ഇൻശാ പ്രസവ വേദന അനുഭവിച്ച് മറ്റൊരു വഴിയിലൂടെ കാൽനടയായി യാത്ര തുടർന്നു. ഓരോ അഞ്ഞൂറ് മീറ്ററിലും സൈനികർ ചെക്‌പോസ്റ്റുകളിൽ തടഞ്ഞു. തുടർന്ന് മറ്റു വഴിയിലൂടെ ഇൻശയും മാതാവും സഹോദരിയും യാത്ര തുടർന്നു. അഞ്ചര മണിക്കൂർ നേരമാണ് ആ കാൽ നട യാത്ര തുടർന്നത്. രാവിലെ 11 മണിയായപ്പോൾ ഇൻശായുടെ വേദന കഠിനമായി. അപ്പോഴേക്കും ആറ് കിലോമീറ്റർ ദൂരം ഇൻശ നടന്നിരുന്നു. ഇതിനിടെ ഖാനം എന്ന സ്വകാര്യ ആശുപത്രിക്കടുത്ത് അവർ എത്തി. ലാൽദേഡ് ആശുപത്രിയിലേക്ക് അവിടെ നിന്നും അര കിലോമീറ്റർ വീണ്ടും നടക്കണം. അത്ര ദൂരം നടക്കാന് കഴിയുന്നതിനപ്പുറം ഇൻശ അവശയായിരുന്നു. ഖാനം ആശുപത്രിയിൽ പ്രവേശിപ്പിച്ച് പതിനഞ്ച് മിനിട്ടിനകം ഇൻശ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

കുഞ്ഞിനെ പ്രസവമുറിക്ക് പുറത്തേക്ക് കൊണ്ടുവന്നപ്പോൾ ഒരു ഉടുപ്പ് പോലും കുടുംബത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. കാരണം, കടകൾ ആഗസ്റ്റ് 5 മുതൽ അടഞ്ഞുകിടക്കുകയാണ്. ഇൻശായുടെ മാതാവ് മുബീന തന്റെ ശിരോവസ്ത്രത്തിൽ പൊതിഞ്ഞാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. പിന്നീട് സഹോദരി നിഷ കുറേ ദൂരം അലഞ്ഞ ശേഷം കുഞ്ഞിന് ഒരു വസ്ത്രം സംഘടിപ്പിക്കുകയായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവറായ ഇൻശയുടെ ഭർത്താന് ഇർഫാൻ അഹമ്മദ് ഷെയ്ഖ് മറ്റൊരു സ്ഥലത്തായിരുന്നു. കുട്ടി ജനിച്ച വിവരം ഇർഫാനുമായി അവർക്ക് പങ്കുവയ്ക്കാനായില്ല. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി കശ്മീരിലെ വാർത്താവിനിമയ സംവിധാനങ്ങളെല്ലാം കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.

കടപ്പാട്-ദി വയർ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top