ഹോങ്കോങില്‍ പ്രതിഷേധം രൂക്ഷമാകുന്നു; പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്

ഹോങ്കോങില്‍ സര്‍ക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്താമെന്ന നിര്‍ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രതിഷേധം എത്രയും പെട്ടെന്ന് മനുഷ്യത്വപരമായി പരിഹരിക്കാന്‍ ഷീ ജിന്പിങിനാകുമെന്ന വിശ്വാസമുണ്ടെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ഹോങ്കോങിലെ പ്രതിഷേധം ഭീകരവാദത്തിന് സമാനമെന്ന നിലപാടിലാണ് ചൈന. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ ട്വീറ്റ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ പുകഴ്ത്തിയായിരുന്നു ട്വീറ്റിലെ ആദ്യ വരികള്‍. ഷീജിന്‍പിങ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രശ്നം എത്രയും പെട്ടെന്ന് മനുഷ്യത്വപരമായി പരിഹരിക്കാന്‍ കഴിയും എന്നും എഴുതിയ ട്രംപ് വ്യക്തിപരമായ കൂടിക്കാഴ്ച നടത്തിക്കൂടെ എന്ന ചോദ്യത്തോടെയാണ് ട്വീറ്റ് അവസാനിപ്പിച്ചത്. ഹോങ്കോങില്‍ രാഷ്ട്രീയ പ്രതിസന്ധി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്താമെന്ന നിര്‍ദേശം ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്നത്.
വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടര മാസം മുമ്പാണ് ഹോങ്കോങില്‍ പ്രതിഷേധം തുടങ്ങിയത്. നിയമം പിന്‍വലിച്ചെങ്കിലും ചീഫ് എക്സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഹോങ്കോങ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here