ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ത്രീകള്‍ക്ക് മെന്‍സ്ട്ര്വല്‍ കപ്പുമായി വയനാട്ടിലെ ഒരു കൂട്ടം പെണ്‍കുട്ടികള്‍

പ്രളയബാധിതരായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആര്‍ത്തവ സമയത്ത് ഉപയോഗിക്കാന്‍ മെന്‍സ്ട്ര്വല്‍ കപ്പ് വിതരണം ചെയ്ത് മാതൃക കാട്ടുകയാണ് വയനാട്ടിലെ ഒരു കൂട്ടം പെണ്‍കുട്ടികള്‍.ഒരൊറ്റ തവണ വാങ്ങിയാല്‍ പത്ത് വര്‍ഷം വരെ നിലനില്‍ക്കുന്ന കപ്പുകള്‍ സ്ത്രീകള്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് ഇവര്‍ പറയുന്നത്.
പ്രളയകാലത്തെ നല്ല മാതൃകകളിലൊന്നാണ് ഈ പെണ്‍കുട്ടികള്‍ പരിചയപ്പെടുത്തുന്നത്. മെന്‍സ്ട്രുവല്‍ കപ്പ് കേരളീയര്‍ക്കത്ര പരിചിതമല്ല. മഴക്കാലത്തെ ആര്‍ത്തവ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് ശുചിയായിരിക്കാനും പേടികൂടാതെ ഇടപഴകാനും അവസരമൊരുക്കുന്നുണ്ട് മെന്‍സ്ട്രുവല്‍ കപ്പിന്റെ ഉപയോഗം.ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗജന്യ മെന്‍സ്ട്രുവല്‍ കപ്പുമായി എത്തിയ ഈ പെണ്‍കുട്ടികളെ ആദ്യം പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ പലര്‍ക്കും താത്പര്യമായി.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനൊപ്പം സാനിറ്ററി പാഡുകള്‍ നല്‍കുന്നതിനേക്കാള്‍ നല്ലത് മെന്‍സ്ട്രുവല്‍ കപ്പുകള്‍ നല്‍കുന്നതാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് കപ്പിന്റെ ചില നിര്‍മ്മാതാക്കള്‍ തന്നെ ബന്ധപ്പെട്ട് സൗജന്യമായി ഇവ എത്തിച്ചു കൊടുത്തത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കുറച്ച് പേര്‍ക്ക് നല്‍കിയപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഈ യുവതികള്‍ പറയുന്നു.
ഇവ ഉപയോഗിക്കാനുളള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ ഇവര്‍ നല്‍കുന്നുണ്ട്. കൂടുതല്‍ സഹായം ലഭിച്ചാല്‍ കൂടുതല്‍ ക്യാമ്പുകളിലേക്കും മെന്‍സ്ട്രുവല്‍ കപ്പ് എത്തിക്കാനുളള തീരുമാനത്തിലാണ് ഈ പെണ്‍കുട്ടികള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here