രാജ്യത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ സാമ്പത്തിക മേഖല നേരിടുന്ന മാന്ദ്യം മറികടക്കാനുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഹ്രസ്വകാല നടപടികള്‍ കൈക്കൊള്ളുന്നത് സംബന്ധിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വാഹന നിര്‍മ്മാണം ഉള്‍പ്പടെയുള്ള മേഖലകള്‍ തകര്‍ച്ചയിലാണ്. സ്ഥിതി തുടര്‍ന്നാല്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കഴിയാത്ത സാഹചര്യമണ്ടാകുമെന്ന് നിര്‍മ്മാണ കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ധാരളമാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുവെന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിഗണിച്ച് ഹ്രസ്വകാല നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വിവിധ മേഖകളിലെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ധനമന്ത്രി, പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
വാഹന വിപണിക്ക് കരുത്ത് പകരാന്‍ ജിഎസ്ടിയില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ച അടുത്ത ജിഎസ്ടി കൗണ്‍സിലില്‍ നടന്നേക്കും. സന്പത്തിക പ്രതിസന്ധി മറികടക്കാന്‍ നയപരമായ നടപടികള്‍ കൈക്കൊള്ളാനുള്ള തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി പ്രതിസന്ധി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ധനമന്ത്രാലയത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here