ഇന്ന് ഇന്ത്യൻ പരിശീലകനെ പ്രഖ്യാപിക്കും; രവി ശാസ്ത്രി തുടരാൻ സാധ്യത

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന അഭിമുഖങ്ങൾക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ആറു പേരാണ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഈ ആറു പേരിൽ നിന്നാവും ഇന്ത്യയുടെ അടുത്ത പരിശീലകനെ ഉപദേശക സമിതി തിരഞ്ഞെടുക്കുക. ആകെ ലഭിച്ച രണ്ടായിരത്തോളം അപേക്ഷകളിൽ നിന്നാണ് ആറു പേരിലേക്ക് പട്ടിക ചുരുക്കിയത്.
പരിശീലക സ്ഥാനത്ത് രവി ശാസ്ത്രി തന്നെ തുടരാനാണ് സാധ്യത. ഇന്ത്യക്കാർക്കാണ് മുൻഗണന എന്ന് ഉപദേശക സമിതി നേരത്തെ തന്നെ അറിയിച്ചിരുന്നു. ശാസ്ത്രി അല്ലാതെ ലിസ്റ്റിൽ ഉൾപ്പെട്ട രണ്ട് ഇന്ത്യക്കാരും ഏറെ മുൻ പരിചയം ഉള്ളവരല്ല. ഒപ്പം രവി ശാസ്ത്രി നല്ല പ്രകടനം നടത്തിയിട്ടുണ്ടെന്ന ഉപദേശക സമിതി അംഗത്തിൻ്റെ പരസ്യപ്രസ്താവനയും അദ്ദേഹത്തിനു മുൻതൂക്കം നൽകുന്നു. കൂടാതെ രവി ശാസ്ത്രി തുടരുന്നതാണ് തനിക്ക് താത്പര്യമെന്ന ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പ്രസ്താവനയും റിപ്പോർട്ടുകൾക്ക് ശക്തി പകരുന്നു.
നിലവിലെ പരിശീലകൻ രവി ശാസ്ത്രിക്കൊപ്പം മുൻ ഇന്ത്യൻ താരം റോബിൻ സിംഗ്, ഇന്ത്യൻ ടീമിന്റെ മുൻ മാനേജറായിരുന്ന ലാൽചന്ദ് രജ്പുത് എന്നിവരാണ് ഇന്ത്യൻ പരിശീലകരായി പരിഗണനയിലുള്ളത്. ഒപ്പം മുൻ ന്യൂസിലൻഡ് പരിശീലകൻ മൈക് ഹെസൺ, സൺ റൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകനായിരുന്ന ടോം മൂഡി, മുൻ വിൻഡീസ് താരവും നിലവിലെ അഫ്ഗാനിസ്ഥാൻ പരിശീലകനുമായ ഫിൽ സിമ്മൺസ്, എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.
മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് നയിക്കുന്ന മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയാണ് പരിശീലകനെ തിരഞ്ഞെടുക്കുക.. കപിൽദേവിന് പുറമേ മുൻ ഇന്ത്യൻ വനിതാ താരം ശാന്ത രംഗസ്വാമി, മുൻ പരിശീലകൻ അൻഷുമാൻ ഗെയിക്ക്വാദ് എന്നിവരാണ് ഈ സമിതിയിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here