പാകിസ്താന് മുന്നറിയിപ്പ്; ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയത്തിൽ ഭാവിയിൽ മാറ്റമുണ്ടാകാമെന്ന് രാജ്നാഥ് സിംഗ്

ആണവായുധത്തിന്റെ കാര്യത്തിൽ പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നിലപാടിൽ ഭാവിയിൽ മാറ്റമുണ്ടാകാമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. സംഘർഷമുണ്ടാകുന്ന സാഹചര്യത്തിൽ ഇന്ത്യ ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്നതാണ് ഇന്നുവരെയുള്ള ഇന്ത്യയുടെ നയം.
ആ നയത്തിൽ മാറ്റങ്ങൾ ഉണ്ടാകുമോ എന്നത് പുതിയ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഇന്ത്യ ആണവായുധ പരീക്ഷണം നടത്തിയ രാജസ്ഥാനിലെ പൊഖ്റാനിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചമര വാർഷിക ചടങ്ങിൽ പങ്കെടുത്ത ശേഷമായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
#WATCH: Defence Minister Rajnath Singh says in Pokhran, “Till today, our nuclear policy is ‘No First Use’. What happens in the future depends on the circumstances.” pic.twitter.com/fXKsesHA6A
— ANI (@ANI) August 16, 2019
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിക്ക് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായതിന് പിന്നാലെയാണ് പാകിസ്താന് രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ അതിർത്തിയിൽ തുടർച്ചയായ പ്രകോപനങ്ങളാണ് പാകിസ്താൻ നടത്തുന്നത്. വ്യാഴാഴ്ച ഉറി,രജൗരി സെക്ടറുകളിൽ വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവെപ്പ് നടത്തിയിരുന്നു. തുടർന്ന് ശക്തമായി തിരിച്ചടിച്ച ഇന്ത്യൻ സൈന്യം 3 പാക് സൈനികരെ വധിച്ചിരുന്നു. കശ്മീർ വിഷയത്തിന്റെ പേരിൽ പാകിസ്താൻ നടത്തുന്ന പ്രകോപനങ്ങൾക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് കേന്ദ്ര പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here