അപകടം നടന്ന ശേഷം ബഷീറിന്റെ ഫോൺ ആരോ ഉപയോഗിച്ചു; ദുരൂഹതയുണ്ടെന്ന് സിറാജ് മാനേജ്‌മെന്റ്

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ അന്വേഷണസംഘം കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് സിറാജ് പത്ര മാനേജ്‌മെന്റ്. മ്യൂസിയം പൊലീസിനെ ന്യായീകരിച്ചാണ് പുതിയ അന്വേഷണ സംഘം കോടതിയിൽ വിശദീകരണ റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നും ബഷീറിന്റെ ഫോൺ കണ്ടെത്താനാകാത്തതിൽ ദുരൂഹതയുണ്ടെന്നും സിറാജ് മാനേജ്‌മെന്റ് പ്രതിനിധിയും പരാതിക്കാരനുമായ സൈഫുദ്ദീൻ ഹാജി പറഞ്ഞു. അപകടമുണ്ടായ ദിവസം ബഷീറിന്റെ ഫോൺ കാണാതായതിന് പിന്നിൽ ദുരൂഹതകളുണ്ടെന്നും അപകടത്തിന് ശേഷവും ബഷീറിന്റെ ഫോൺ ആരോ ഉപയോഗിച്ചിട്ടുണ്ടെന്നും സൈഫുദ്ദീൻ ഹാജി പറഞ്ഞു.
Read Also; കെ എം ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധ വൈകിയതിൽ വിചിത്ര വാദവുമായി പൊലീസ്
കെ.എം ബഷീറിന്റെ അപകട മരണത്തിൽ കോടതി നിരീക്ഷണം ആവശ്യപ്പെട്ടു കൊണ്ട് സിറാജ് മാനേജ്‌മെന്റ് നൽകിയ ഹർജി പരിഗണിച്ച കോടതി നേരത്തെ പൊലീസിനോട് വിശദീകരണ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കോടതിയിൽ നൽകിയ വിശദീകരണ റിപ്പോർട്ടിലാണ് പൊലീസ് വിചിത്രമായ വാദം അവതരിപ്പിച്ചത്. പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന ജനറൽ ആശുപത്രിയിലെ ഡോക്ടർ നടത്തിയില്ലെന്നായിരുന്നു പൊലീസിന്റെ വാദം.
കൂടാതെ പരാതിക്കാരൻ തർക്കിച്ചതിനാൽ കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും രക്തപരിശോധന വൈകിയതിൽ ഇതും കാരണമായെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതിനെതിരെയാണ് സിറാജ് മാനേജ്‌മെന്റ് രംഗത്തെത്തിയത്. കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പൊലീസ് പറയുന്നത് നുണയാണെന്ന് സൈഫുദ്ദീൻ ഹാജി പറഞ്ഞു. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ തർക്കമുണ്ടായിട്ടില്ലെന്നും പൊലീസിനോട് സഹകരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here