സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ ഇവേക്കന്‍സി സോഫ്റ്റ്‌വെയര്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളിലെ നിയമനങ്ങള്‍ വേഗത്തിലാക്കുന്നു. ഇതിനായി പിഎസ്‌സിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നത് പൂര്‍ണമായും ഇവേക്കന്‍സി സോഫ്റ്റ്‌വെയര്‍ വഴിയാക്കാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ സംവിധാനത്തിലൂടെ ആയിരിക്കണം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്ന് നിര്‍ദ്ദേശിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഇന്നലെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
നിലവിലുള്ള രീതിയില്‍ നിന്നും മാറി സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളിലെ നിയമനങ്ങള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി എല്ലാ വകുപ്പുകളിലേയും ഒഴിവുകള്‍ പിഎസ്സിയുടെ സോഫ്റ്റ്‌വെയര്‍ വഴി റിപ്പോര്‍ട്ട് ചെയ്യാനാണ് എല്ലാ വകുപ്പു മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഈ സോഫ്റ്റ്‌വെയര്‍ വഴി ഒഴിവു റിപ്പോര്‍ട്ട് ചെയ്യാന്‍ 2018 ജനുവരി ഒന്നിന് തീരുമാനിച്ചിരുന്നുവെങ്കിലും അതു നടപ്പായില്ല. നിലവില്‍ തപാല്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലുടെയാണു ഒഴിവുകള്‍ പിഎസ്‌സിയെ അറിയിക്കുന്നത്. പല റാങ്ക് ലിസ്റ്റുകളും നിലവിലുണ്ടെങ്കിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതിനാല്‍ കാര്യമായ നിയമനങ്ങള്‍ നടക്കാതെ പലപ്പോഴും റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുകയാണ് ചെയ്യുന്നത്.
പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സുതാര്യതയുണ്ടാകും. മാത്രമല്ല ഒഴിവുകള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ തന്നെ അതു പിഎസ്‌സിക്ക് അറിയാനും കഴിയും. ഇങ്ങനെ വരുന്നതോടെ അതേ വേഗതയില്‍ തന്നെ നിയമന ശിപാര്‍ശ നല്‍കാന്‍ പി.എസ്.സിക്ക് സാധിക്കും. നിലവിലുള്ള രീതിയില്‍ ഓഗസ്റ്റ് 31 വരെ മാത്രമേ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് ഭരണപരിഷ്‌കാര വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. എല്ലാ നിയമന അധികാരികളുടേയും രജിസ്‌റ്റേര്‍ഡ് മൊബൈല്‍ വകുപ്പു മേധാവികള്‍ സാക്ഷ്യപ്പെടുത്തി പിഎസ്‌സിക്ക് കൈമാറണം. ഇതുപയോഗിച്ചായിരിക്കും സോഫ്റ്റ്‌വെയറിലേക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കുലറിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here