കൊച്ചി ലാത്തിച്ചാർജിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി സിപിഐ

കൊച്ചിയിൽ ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനു നേരെയുണ്ടായ ലാത്തിച്ചാർജിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി സിപിഐ ജില്ലാ നേതൃത്വം. ലാത്തിച്ചാർജിൽ സെൻട്രൽ എസ്.ഐക്കെതിരെ മാത്രം നടപടി സ്വീകരിച്ചതിലുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കാനാണ് തീരുമാനം. ഒരു എസ്‌ഐയുടെ സസ്‌പെൻഷൻ കൊണ്ട് മാത്രം പ്രശ്‌നം അവസാനിപ്പിക്കാനാകില്ലെന്നാണ് സിപിഐയുടെ നിലപാട്. ഡിഐജി ഓഫീസ് മാർച്ചിന് ഇടയാക്കിയ ഞാറയ്ക്കൽ സിഐയെ സസ്‌പെൻഡ് ചെയ്യണമെന്നും സിപിഐ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലൈ 18 ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. വൈപ്പിൻ ഗവ.കോളേജിലെ സംഘർഷത്തിൽ പരിക്കേറ്റ എഐഎസ്എഫ് പ്രവർത്തകരെ കാണാൻ ആശുപത്രിയിലെത്തിയപ്പോഴാണ് പി.രാജുവിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്.അന്ന് അവിടെ ഉണ്ടായിരുന്ന ഞാറയ്ക്കൽ സി.ഐ ഈ പ്രശ്‌നത്തിൽ ഇടപെടാതെ മാറി നിന്നതായി പി.രാജു ആരോപിച്ചിരുന്നു.ഈ സംഭവത്തിൽ ഞാറയ്ക്കൽ സി.ഐ യെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ ഡിഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് ലാത്തിച്ചാർജിൽ കലാശിച്ചത്.
എല്ലാ പ്രശ്‌നങ്ങൾക്കും കാരണക്കാരൻ ഞാറയ്ക്കൽ സിഐ ആണെന്നും, സി.ഐ മുരളിയെ സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകാനാണ് സിപിഐ ജില്ലാ കമ്മിറ്റിയുടെ തീരുമാനം.സിപിഐ മാർച്ചിൽ നേതാക്കൾക്ക് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ കൊച്ചി സെൻട്രൽ എസ് ഐക്കെതിരായ നടപടി വൈകിപ്പോയെന്ന് എൽദോ എബ്രഹാം എംഎൽഎ നേരത്തെ പ്രതികരിച്ചിരുന്നു.
ഞാറയ്ക്കൽ സിഐയെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ പാർട്ടി ഉറച്ചു നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു .കൂടുതൽ പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ തുടർ സമരം വേണമെന്ന് കീഴ് ഘടകങ്ങൾ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here