കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണം വാട്ടർ അതോറിറ്റിയാണെന്ന് ആരോപിച്ച് മേയറുടെ കുത്തിയിരിപ്പ് സമരം

കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയ്ക്ക് കാരണം ജല അതോറിറ്റിയാണെന്നാരോപിച്ച് വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരുന്ന് മേയറുടെ പ്രതിഷേധം. വാട്ടർ അതോറിറ്റി അസിസ്റ്റന്റ് ചീഫ് എഞ്ചിനീയറെയാണ് കൊച്ചി മേയർ സൗമിനി ജെയ്‌നിന്റെ നേതൃത്വത്തിൽ ഉപരോധിച്ചത്. മേയർക്ക് പിന്തുണയുമായി ഹൈബി ഈഡൻ എം പിയും സ്ഥലത്തെത്തി. ഇതിന് പിന്നാലെ ഉദ്യോഗസ്ഥരുമായി വാക്ക് തർക്കവുമുണ്ടായി.
ഒടുവിൽ വാട്ടർ കണക്ഷൻ നൽകുന്നതിനായുള്ള പണികൾ ഈ മാസം തന്നെ പൂർത്തീകരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിച്ചത്. ഈ മാസം 30-ാം തീയതിക്കകം വാട്ടർ അതോറിറ്റി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റോഡുകൾ കൊച്ചി കോർപ്പറേഷന് കൈമാറുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ രേഖാമൂലം ഉറപ്പ് നൽകിയതോടെ മേയറും സംഘവും സമരം അവസാനിപ്പിക്കുകയായിരുന്നു.
കൊച്ചി നഗരത്തിലെ മിക്ക റോഡുകളും തകർന്ന് കിടക്കുകയാണ്. വാട്ടർ അതോറിറ്റിയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് കൊച്ചി കോർപറേഷന്റെ വാദം. റോഡുകളിൽ നിശ്ചയിച്ച കാലപരിധി കഴിഞ്ഞിട്ടും വാട്ടർ പൈപ്പ് കണക്ഷനുകൾ നൽകുന്ന ജോലികൾ അതോറിറ്റി പൂർത്തിയാക്കിയിട്ടില്ല. അതോറിറ്റി വെട്ടിപ്പൊളിച്ചവയടക്കമുള്ള റോഡുകളിൽ ഇക്കാരണത്താൽ ടാറിങ് നടത്താൻ കഴിയുന്നില്ലെന്ന് മേയർ സൗമിനി ജെയ്ൻ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here