കണ്ണൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർക്കെതിരെ ഇടതുമുന്നണി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

കണ്ണൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷിനെതിരെ ഇടതു മുന്നണി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. 26 കൗൺസിലർമാർ ഒപ്പിട്ട നോട്ടീസാണ് ഇന്ന് ജില്ലാ കളക്ടർക്ക് സമർപ്പിച്ചത്. കഴിഞ്ഞ ദിവസം മേയർക്കെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് വിമതനായ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് പിന്തുണച്ചതിനെ തുടർന്ന് എൽഡിഎഫിന് കോർപറേഷൻ ഭരണം നഷ്ടമായിരുന്നു. എൽഡിഎഫിന്റെ മേയർ ഇ.പി ലതയ്‌ക്കെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം 26 നെതിരെ 28 വോട്ടിനാണ് പാസ്സായത്. രാഗേഷിന്റെ പിന്തുണ ഉറപ്പാക്കിയതിന് ശേഷമാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിലേക്ക് നീങ്ങിയത്.
Read Also; കണ്ണൂർ കോർപ്പറേഷൻ ഭരണം എൽഡിഎഫിന് നഷ്ടമായി
കോർപറേഷൻ ഭരണം നഷ്ടമായതിന് പിന്നാലെ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷിനെതിരെ സിപിഐഎം രംഗത്ത് വന്നിരുന്നു. രാഗേഷിന്റെ നിലപാട് രാഷ്ട്രീയമായും ധാർമികമായും തെറ്റാണെന്നും പി.കെ രാഗേഷ് ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവെക്കണമെന്നും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആവശ്യപ്പെട്ടിരുന്നു.
കോൺഗ്രസ് വിമതനായിരുന്ന രാഗേഷിന്റെ പിന്തുണയോടെയാണ് ഇതുവരെ കോർപറേഷൻ ഇടതുമുന്നണി ഭരിച്ചിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ.സുധാകരന് പരസ്യ പിന്തുണയുമായി രാഗേഷ് രംഗത്തെത്തിയതിന് പിന്നാലെയാണ് കോർപറേഷനിലെ എൽഡിഎഫ് ഭരണം അവസാനിപ്പിക്കാൻ യുഡിഎഫ് നീക്കങ്ങൾ ആരംഭിച്ചത്. മേയർ സ്ഥാനം ആറുമാസം വീതം കോൺഗ്രസും മുസ്ലീം ലീഗും പങ്കിടാനാണ് ഇപ്പോഴത്തെ ധാരണ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here