Advertisement

കളക്ടർ എത്തിയില്ലെങ്കിലും നൗഷാദിന്റെ കട നാട്ടുകാർ ഉദ്ഘാടനം ചെയ്തു; ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങളെടുത്ത് വിദേശമലയാളി

August 19, 2019
1 minute Read

കടയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളിൽ ഏറിയ പങ്കും പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് നല്‍കിയ നൗഷാദിന്റെ പുതിയ കട തുറന്നു. ഉദ്ഘാടനത്തിന് വരാമെന്നേറ്റിരുന്ന ജില്ലാ കളക്ടറുടെ അഭാവത്തില്‍ നാട്ടുകാര്‍ ചേര്‍ന്നാണ് കടയുടെ ഉദ്ഘാടനം നടത്തിയത്. തെരുവില്‍ കച്ചവടം നടത്തിയിരുന്ന നൗഷാദ് പ്രളയം എത്തും മുന്‍പേ കൊച്ചി ബ്രോഡ് വേയില്‍ സ്വന്തമായൊരു കട കണ്ടു വെച്ചിരുന്നു. പുതിയ സ്‌റ്റോക്ക് എത്തിയതോടെയാണ് ആ കട ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടന ദിവസം ഒരു ലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങളെടുക്കാന്‍ വിദേശമലയാളിയായ അഫി അഹമ്മദ് കൂടി എത്തിയതോടെ ആദ്യ വില്പനയും ഉഷാറായി. നൗഷാദിന്റെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു ലക്ഷം രൂപ കൈമാറും. നൗഷാദിനെയും കുടുംബത്തെയും ഇദ്ദേഹം ഗള്‍ഫിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.

മൂന്ന് ഷര്‍ട്ടുകള്‍ക്ക് ആയിരം രൂപയാണ് നൗഷാദിൻ്റെ കടയിലെ വില. മരിക്കും വരെ തെരുവിലെ കച്ചവടം തുടരുമെന്നും നൗഷാദ് പറഞ്ഞു.

മാലിപ്പുറം സ്വദേശിയായ നൗഷാദ് ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് വസ്ത്രങ്ങൾ നൽകിയത്. വഴിയോര വില്പനക്കാരനായ നൗഷാദിൻ്റെ നന്മ നടൻ രാജേഷ് ശർമയാണ് നൗഷാദിനെ ഫേസ്ബുക്ക് ലൈവിലൂടെ ആളുകൾക്ക് മുന്നിലെത്തിച്ചത്. രാജേഷും സംഘവും നിലമ്പൂർ, വയനാട് എന്നിവിടങ്ങളിലെ ക്യാമ്പുകലിലേക്ക് എറണാകുളം ബ്രോഡ്വേയിൽ വിഭവ സമാഹരണം നടത്തുന്നതിനിടെയാണ് നൗഷാദിനെ കാണുന്നത്. തുടർന്ന് തന്റെ കടയിലേക്ക് രാജേഷിനേയും സംഘത്തേയും കൂട്ടിക്കൊണ്ടുപോയി വസ്ത്രങ്ങൾ നൽകുകയായിരുന്നു. പെരുന്നാൾ കച്ചവടത്തിനായി മാറ്റിവെച്ചിരുന്ന മുഴുവൻ വസ്ത്രങ്ങളും നൗഷാദ് ചാക്കുകൾ നിറച്ചു നൽകി. പെരുന്നാളായിട്ട് ഇത്തരത്തിൽ വസ്ത്രങ്ങൾ നൽകുന്നത് നഷ്ടമാകില്ലേ എന്ന് രാജേഷ് ശർമ ചോദിക്കുന്നുണ്ട്. മനുഷ്യന് നന്മ ചെയ്യുന്നതാണ് തനിക്ക് ലാഭമെന്നായിരുന്നു അതിന് മറുപടി.

ഇത്തരത്തിൽ മുഴുവൻ വസ്ത്രങ്ങളും നൽകുന്നത് തങ്ങൾക്ക് വിഷമമുണ്ടാക്കുമെന്ന് രാജേഷ് ശർമയ്‌ക്കൊപ്പമുണ്ടായിരുന്ന യുവതി പറഞ്ഞപ്പോൾ തനിക്ക് വിഷമമാകില്ലെന്നും ഇവിടെ നിന്നും പോകുമ്പോൾ ഇതൊന്നു കൊണ്ടുപോകില്ലല്ലോ എന്നുമായിരുന്നു നൗഷാദ് പറഞ്ഞത്. കൊടുക്കുന്നതെല്ലാം ദൈവം തിരിച്ചു തന്നോളുമെന്നും നൗഷാദ് പറഞ്ഞു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top