‘ഭക്ഷണം തീർന്നു കൊണ്ടിരിക്കുകയാണ്; ഇന്ന് വിളിച്ചിട്ട് കിട്ടിയില്ല’: മധു വാര്യർ ട്വന്റിഫോറിനോട്

ഹിമാചൽ പ്രദേശിലെ ഛത്രുവിൽ ഒരു ഒറ്റപ്പെട്ട സ്ഥലത്താണ് മഞ്ജു ഉൾപ്പെടെയുള്ള സംഘമുള്ളതെന്ന് സഹോദരൻ മധു വാര്യർ. പ്രദേശത്ത് റേഞ്ചും ഇന്റർനെറ്റ് സംവിധാനവുമൊന്നും ഇല്ല. ഇന്നലെ മഞ്ജു വിളിച്ചപ്പോൾ സേഫാണെന്ന് പറഞ്ഞു. സാറ്റലൈറ്റ് നമ്പറിൽ നിന്നുമാണ് വിളിച്ചത്. ഇന്ന് ആ നമ്പറിലേക്ക് തിരിച്ച് വിളിച്ചിട്ട് കിട്ടുന്നില്ലെന്നും മധു വാര്യർ പറഞ്ഞു.
പ്രദേശത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടൽ ഭീഷണിയുമുണ്ടെന്ന് മധു പറയുന്നു. ഗതാഗത സംവിധാനം താറുമാറായി കിടക്കുകയാണ്. ഷൂട്ടിംഗിന്റെ സമയത്ത് ടെന്റ് കെട്ടിയാണ് അവർ താമസിച്ചിരുന്നത്. ഇപ്പോഴും അവിടെ തന്നെയാണുള്ളത്. മഞ്ജുവിനൊപ്പം സംവിധായകൻ സനൽ കുമാർ ശശിധരൻ ഉൾപ്പെടെ മുപ്പതോളം പേരുണ്ട്. വിനോദ സഞ്ചാരികളും അവിടെ കുടുങ്ങി കിടക്കുകയാണ് ഏകദേശം 200ഓളം പേരാണ് അകപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസത്തെ ഭക്ഷണം കൂടി മാത്രമാണ് അവരുടെ കൈവശമുള്ളത്. മൂന്നാഴ്ച മുൻപാണ് സംഘം അവിടേയ്ക്ക് പുറപ്പെട്ടതെന്നും മധു പറഞ്ഞു. കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ചൊന്നും മഞ്ജു അറിഞ്ഞിട്ടില്ലെന്നും മധു വാര്യർ വ്യക്തമാക്കി
ഒരു സുഹൃത്ത് വഴി കേന്ദ്രമന്ത്രി വി മുരളീധരനുമായി ബന്ധപ്പെട്ടു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. സമ്പത്ത് സാർ വിളിച്ചിരുന്നു. വേണ്ടത് ചെയ്യാമെന്ന് അദ്ദേഹവും അറിയിച്ചതായി മധു കൂട്ടിച്ചേർത്തു.
Read more: ഉത്തരേന്ത്യയിൽ പ്രളയത്തിൽ കുടുങ്ങി മഞ്ജു വാര്യരും സംഘവും
ഉത്തരേന്ത്യയിൽ പ്രളയക്കെടുതിയിൽ എൺപതിലധികം പേരാണ് മരിച്ചത്. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 12 പേരാണ് മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരിച്ചത്. യമുനയിൽ ജലനിരപ്പ് ഉയർന്നതോടെ ഹരിയാന, ഡൽഹി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here