പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്നലെ ഒരു മൃതദേഹം കണ്ടെത്തിയ ഏലവയലിൽ നിന്നാണ് ഇന്നും മൃതദേഹം കണ്ടെത്തിയത്. ഇതോടെ പുത്തുമല ദുരന്തത്തിൽ മരിച്ച 13 പേരുടെ മൃതദേഹം കണ്ടെത്തിക്കഴിഞ്ഞു. അപകടത്തിൽ കാണാതായ 4 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. പുത്തുമലയിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹത്തിന് അവകാശമുന്നയിച്ച് രണ്ട് കുടുംബങ്ങൾ രംഗത്തെത്തിയിരുന്നു. മൃതദേഹം അണ്ണയ്യൻ എന്നയാളുടേതാണെന്ന് മകൻ തിരിച്ചറിഞ്ഞതിനെ തുടർന്ന് മേപ്പാടി പത്താം മൈലിലെ ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചിരുന്നു.
Read Also; ഉരുൾപൊട്ടലുണ്ടായ പുത്തുമല മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു
ഇതിനിടെ ഉരുൾപൊട്ടലിൽ കാണാതായ തമിഴ്നാട് സ്വദേശി ഗൗരീശങ്കറിന്റേതാണ് മൃതദേഹമെന്ന സംശയമുന്നയിച്ച് ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു. ഇതേ തുടർന്ന് ജില്ലാ കളക്ടർ ഇടപെടുകയും സംസ്‌കാര ചടങ്ങുകൾ നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം സംസ്‌കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മൃതദേഹം മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിരവധി മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് സ്ഥലത്ത് തെരച്ചിൽ തുടരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here