ചിദംബരത്തെ അറസറ്റ് ചെയ്യാൻ സിബിഐ സംഘം വീണ്ടുമെത്തി

ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ സിബിഐ സംഘം വീണ്ടുമെത്തി. ഇത് മൂന്നാം തവണയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ സിബിഐ സംഘം എത്തുന്നത്. ഡൽഹിയിലെ ജോർബാഗിലുള്ള ചിദംബരത്തിന്റെ വസതിയിലാണ് സംഘം എത്തിയത്. അതേസമയം, കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും പത്തരവരെ കാത്തിരിക്കണമെന്നും ചിദംബത്തിന്റെ അഭിഭാഷകൻ സൽമാൻ ഖുർഷിദ് പറഞ്ഞു.
Delhi: A Central Bureau of Investigation (CBI) team arrives at the residence of P Chidambaram. Yesterday, Delhi High Court had dismissed his both anticipatory bail pleas in connection with INX Media case. pic.twitter.com/t2kvpNfxCC
— ANI (@ANI) August 21, 2019
ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻകൂർ ജാമ്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അന്വേഷണ ഏജൻസികൾ ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ രണ്ട് തവണ സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിൽ എത്തിയിരുന്നു.
ചിദംബരത്തിന് ജൂലായ് 25 മുതൽ പലതവണയായി ഹൈക്കോടതി അറസ്റ്റിൽ നിന്ന് സംരക്ഷണം നീട്ടിനൽകിവരികയായിരുന്നു. കേസിൽ കാര്യക്ഷമമായി അന്വേഷണം നടത്താൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് ജസ്റ്റിസ് ഗൗർ വിധിയിൽ വ്യക്തമാക്കിയിരുന്നു. ചിദംബരത്തിന്റെ മകൻ കാർത്തിയെ ഈ കേസിൽ നേരത്തേ അറസ്റ്റുചെയ്തിരുന്നു.
ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎൻഎക്‌സ് മീഡിയക്ക് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാൻ വിദേശ നിക്ഷേപപ്രോത്സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നൽകിയത് സംബന്ധിച്ചാണ് കേസ്. ഇടപാടിലെ അഴിമതിയെക്കുറിച്ച് സിബിഐയും കള്ളപ്പണം വെളുപ്പിക്കലിനെപ്പറ്റി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് അന്വേഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here