കവളപ്പാറയിൽ വിള്ളൽ കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി അധികൃതർ

കവളപ്പാറയിലും പരിസര പ്രദേശങ്ങളിലും വിള്ളൽ കണ്ടെത്തിയ സ്ഥലങ്ങളിൽ അധികൃതർ പരിശോധന നടത്തി. വിള്ളൽ കണ്ടെത്തിയ മേഖലകളിൽ വിദഗ്ധ പരിശോധന ആവശ്യപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിക്ക് ശുപാർശ നൽകാനാണ് തീരുമാനം. കിലോമീറ്ററുകൾ നീളത്തിലാണ് പലയിടത്തും വിള്ളലുകൾ കണ്ടെത്തിയത്. 24 ഇംപാക്ട്
കവളപ്പാറയിൽ വലിയ രൂപത്തിൽ ഭൂമി വിണ്ടുകീറിയത് 24 റിപ്പോർട്ട് ചെയ്തിരുന്നു. സമീപ പ്രദേശങ്ങളായ മുത്തപ്പൻകുന്നിലും തുടിമുട്ടി മലയിലും വിള്ളൽ കണ്ടെത്തിയിട്ടുണ്ട്.
ഒരു സ്ഥലത്ത് തന്നെ ഒന്നിലധികം ഭാഗങ്ങളിൽ ഭൂമി വലിയതോതിൽ വിണ്ടുകീറിയതായും ഗർത്തങ്ങൾ രൂപപ്പെട്ടതായും വിദഗ്ധ സംഘം കണ്ടെത്തി. പലയിടത്തും കിലോമറ്റേറുകൾ നീളത്തിൽ വിള്ളലുകൾ ഉള്ളതായും ഭൂമി താഴ്ന്നതായും കണ്ടെത്തി.. വിദഗ്ധ പരിശോധനക്കായി മണ്ണ് സാമ്പിളുകളും സംഘം ശേഖരിച്ചിട്ടുണ്ട്.
പ്രളയവും മണ്ണിടിച്ചലും ഏറെ ദുരിതം വിതച്ച നിലമ്പൂർ മേഖലയിൽ നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. മണ്ണ് സംരക്ഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനും, ജിയോളജിസ്റ്റും അടങ്ങുന്നതാണ് സംഘം.
കവളപ്പാറയ്ക്ക് പുറമെ പാതാർ, പോത്തുകല്ല്, മുണ്ടേരി തുടങ്ങിയ സ്ഥലങ്ങളിലും സംഘം പരിശോധന നടത്തി. ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിദഗ്ധ പരിശോധന വൈകാതെ നടത്തും. പ്രദേശത്ത് ജനവാസം സാധ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾക്ക് വിദഗ്ധ പരിശോധനയിലൂടെയാണ് തീരുമാനമെടുക്കുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here