സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി കാർഡടിച്ച് നാടാകെ കല്യാണം വിളിച്ച് അജ്ഞാതൻ; കല്യാണ വീട്ടുകാർ അങ്കലാപ്പിൽ

കയ്യിൽ നിന്ന് പണം മുടക്കി കാർഡടിച്ച് നാടാകെ കല്യാണം വിളിച്ച് അജ്ഞാതൻ. വളരെ കുറച്ചു പേരെ മാത്രം വിളിച്ച കല്യാണ വീട്ടുകാർ ഇപ്പോൾ എന്തു ചെയ്യുമെന്നറിയാതെ അങ്കലാപ്പിലാണ്. എത്ര പേർ വരുമെന്നോ എത്ര പേർക്ക് സദ്യ ഒരുക്കേണ്ടി വരുമെന്നോ അവർക്ക് യാതൊരു ഊഹവുമില്ല. തൃശൂരിലെ ചേർപ്പിലാണ് കല്യാണ വീട്ടുകാർക്ക് എട്ടിൻ്റെ പണി കിട്ടിയത്.
ഈ മാസം 25 (നാളെ)നാണ് കല്യാണം. നൂറുകണക്കിനു ക്ഷണക്കത്തുകൾ സ്വന്തം കയ്യിൽ നിന്നു കാശു മുടക്കി പ്രിൻ്റ് ചെയ്ത അജ്ഞാതൻ നാടാകെ അയച്ച് ആഘോഷമായി കല്യാണം വിളി നടത്തി. വരൻ്റെ വീട്ടുകാർ ലളിതമായി വിവാഹം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. അതുകൊണ്ട് തന്നെ കുറച്ചു പേരെ മാത്രമേ വിളിക്കാൻ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്നാൽ കല്യാണം വിളിക്കാനിറങ്ങിയതോടെ പലരും തപാലിൽ ക്ഷണക്കത്ത് കിട്ടി എന്നറിയിച്ചതോടെ അമ്പരപ്പായി. പിന്നീട്, കല്യാണം വിളിക്കാത്തവരും ഫോണിലൂടെ വിളിച്ച് വിവാഹത്തിനെത്താമെന്നറിയിച്ചതോടെ കല്യാണ വീട്ടുകാർ അപകടം മണത്തു. പിന്നെ നടത്തിയ അന്വേഷണത്തിലാണ് അജ്ഞാതൻ്റെ ദ്രോഹം വീട്ടുകാർ മനസ്സിലാക്കിയത്.
അജ്ഞാതൻ ക്ഷണിച്ചവരോട് തങ്ങളല്ല ഇതിനു പിന്നിലെന്ന് പറയാനും കഴിയാത്ത അവസ്ഥയിലാണ് വീട്ടുകാർ. അത്ര പെർഫക്ടായ വിവാഹ ക്ഷണക്കത്താണ് ഇയാൾ നാട്ടുകാർക്ക് അയച്ചത്. വരൻ്റെയും വധുവിൻ്റെയും പേരു വിവരങ്ങളും കല്യാണ സ്ഥലവും തിയതിയും സമയവും ഉൾപ്പെടെ ആർക്കും സംശയം തോന്നാത്ത തരത്തിൽ കിടിലൻ കാർഡ്. ഒപ്പം ഇത്രത്തോളം ആളുകളുടെ വിലാസം ഇയാൾ തപ്പിയെടുത്തു എന്നതും വീട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. പരിചയമുള്ള ആരോ ആവാം ഇതിനു പിന്നിലെന്നാണ് വീട്ടുകാരുടെ കണക്കുകൂട്ടൽ. ആൾക്കായി ഇവർ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here