ഏഴ് റൺസ് വഴങ്ങി ബുംറ വീഴ്ത്തിയത് അഞ്ചു വിക്കറ്റ്; ഒരു ദിവസം ബാക്കി നിൽക്കെ ഇന്ത്യക്ക് കൂറ്റൻ ജയം

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ 319 റൺസിനാണ് ഇന്ത്യ വിൻഡീസിനെ തകർത്തത്. 419 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് ജസ്പ്രീത് ബുംറയുടെ അഞ്ചു വിക്കറ്റ് പ്രകടനത്തിൽ തകർന്നടിഞ്ഞു. രണ്ടാം ഇന്നിംഗ്സിൽ 100 റൺസിനാണ് ആതിഥേയർ ഓൾ ഔട്ടായത്. 38 റൺസെടുത്ത കെമാർ റോച്ചാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ.
Read Also: കോലിക്കും രഹാനെയ്ക്കും അർദ്ധസെഞ്ചുറി; ഇന്ത്യ ശക്തമായ നിലയിൽ
26 ഓവറുകൾ മാത്രമാണ് വിൻഡീസിന് പിടിച്ചുനിൽക്കാനായത്. 8 ഓവറുകൾ വെറും ഏഴ് റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ബുംറയ്ക്കൊപ്പം മൂന്ന് വിക്കറ്റുകൾ നേടിയ ഇഷാന്ത് ശർമ്മയും രണ്ട് വിക്കറ്റുകൾ നേടിയ മുഹമ്മദ് ഷമിയും ഇന്ത്യൻ ബൗളർമാരിൽ തിളങ്ങി. പന്തെറിഞ്ഞവരിൽ രവീന്ദ്ര ജഡേജയ്ക്കു മാത്രമാണ് വിക്കറ്റ് ലഭിക്കാതിരുന്നത്. വിൻഡീസിൻ്റെ എട്ടു ബാറ്റ്സ്മാന്മാർ ഒറ്റ അക്കത്തിനു പുറത്തായി. 38 റൺസെടുത്ത കെമാർ റോച്ച്, 19 റൺസെടുത്ത് പുറത്താവാതെ നിന്ന മിഗ്വേൽ കമ്മിൻസ്, 12 റൺസെടുത്ത റോസ്റ്റൻ ചേസ് എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്.
Read Also: രക്ഷകനായി രഹാനെ; ഇന്ത്യ പൊരുതുന്നു
നേരത്തെ അജിങ്ക്യ രഹാനയുടെ പത്താം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിംഗ്സിനു കരുത്തായത്. 93 റൺസെടുത്ത ഹനുമ വിഹാരിയും 51 റൺസെടുത്ത നായകൻ വിരാട് കോലിയും ഇന്ത്യൻ സ്കോറിലേക്ക് നിർണ്ണായക സംഭാവനകൾ നൽകി. 93 റൺസെടുത്ത വിഹാരി പുറത്തായതിനു പിന്നാലെ കോലി ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 343/7 എന്ന സ്കോറിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ വിൻഡീസിനു മുന്നിൽ വെച്ചത് 419 റൺസ് വിജയലക്ഷ്യം. പിന്നീടായിരുന്നു ബൗളർമാരുടെ അഴിഞ്ഞാട്ടം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here