കുഞ്ഞിനെ ഇരുത്താനുള്ള സ്ട്രോളർ മോഷ്ടിച്ചു; പക്ഷേ കുഞ്ഞിനെ കടയിൽ മറന്നു വെച്ചു: സിസിടിവി ദൃശ്യങ്ങൾ വൈറൽ

കുഞ്ഞിനെ ഇരുത്താനുള്ള സ്ട്രോളർ മോഷ്ടിച്ച് പുറത്തിറങ്ങി. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോഴാണ് കുഞ്ഞിനെ കടയിൽ മറന്നുവെച്ചെന്ന് മനസ്സിലാവുന്നത്. കുഞ്ഞിനെ എടുക്കാനായി തിരികെ കടയിലെത്തിയതോടെ ആളെ തിരിച്ചറിഞ്ഞ് പൊലീസ് കേസും ശേഷം അറസ്റ്റും. കോമഡി സ്കിറ്റ് ഒന്നുമല്ല, അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ നടന്ന ഒരു സംഭവമാണിത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാവുകയാണ്.
മൂന്ന് സ്ത്രീകളാണ് മോഷണത്തിന് തയാറെടുത്ത് കടയില്‍ എത്തിയത്. ന്യൂജേഴ്സിയിലെ ബാബി ബേബി എന്ന കടയിൽ നിന്നായിരുന്നു മോഷണം. രണ്ട് സ്ത്രീകള്‍ ജീവനക്കാരുമായി സംസാരിച്ച് അവരുടെ ശ്രദ്ധതിരിച്ചു. ഇതിനിടെ അവര്‍ പദ്ധതിയിട്ടപോലെ മോഷണ മുതല്‍ എടുത്തുകൊണ്ട് ഒരു സ്ത്രീ വിദഗ്ധമായി കടയില്‍ നിന്നു കടന്നു. കൂടെയുണ്ടായിരുന്ന കുഞ്ഞിനെ മറന്നുവെച്ചാണ് അമ്മ മോഷ്ടിച്ച സ്‌ട്രോളറും കൊണ്ട് മുങ്ങിയത്. സംഭവം നടന്നു കഴിഞ്ഞ് ആറ് മിനിറ്റിന് ശേഷം കുട്ടിയെ അന്വേഷിച്ച് മൂന്ന് സ്ത്രീകളും കടയില്‍ എത്തി. ഇതാണ് കേസിൽ നിർണ്ണായകമായത്.
കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കട ഉടമ തന്നെയാണ് പുറത്തുവിട്ടത്. ജീവിക്കാന്‍ വേണ്ടി മോഷണം നടത്തേണ്ടിവരുന്നത് വ്യക്തിപരമായ കാര്യമാണെന്നും എന്നാല്‍ കുട്ടിയെ കൊണ്ടുവന്ന് ഇങ്ങനെ ചെയ്യുന്നത് അത്ര നല്ലതല്ലെന്നും അദ്ദേഹം കുറിച്ചു. ഇത് എന്നെയും ബാധിക്കും. അതിനാലാണ് വിഡിയോ ഷെയര്‍ ചെയ്യുന്നതെന്നും കടയുടമ ഇനെലിയോ ഒര്‍ടെഗ കുറിച്ചു.
കടയില്‍ മോഷണം നടത്തിയവരില്‍ രണ്ട് സ്ത്രീകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരേ കട കൊള്ളയടിച്ചതിനും ഗൂഢാലോചനയ്ക്കും കേസെടുത്തു. വീഡിയോ ഇവിടെ കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here