‘ജയിലിൽ പോകേണ്ടി വന്നാലും ബിജെപിക്ക് മുന്നിൽ മുട്ടുമടക്കില്ല’: മമത ബാനർജി

ജയിലിൽ പോകേണ്ടി വന്നാലും ബിജെപിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബംഗാൾ സർക്കാരിന്റെ കഴുത്തു ഞെരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തെ നിരവധി മന്ത്രിമാർക്കും തൃണമൂൽ നേതാക്കൾക്കുമെതിരെ സി.ബി.ഐ സമൻസയച്ച സാഹചര്യത്തിലാണ് മമതയുടെ പ്രതികരണം.
ഇന്ന് തന്റെ സഹോദരന് അവർ സമൻസയച്ചു. നാളെ തനിക്കും സമൻസ് വരും. എന്തും നേരിടാൻ തയ്യാറാണ്. ജയിലിൽ പോകാനും തയ്യാറാണ്. എന്നാലും ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് മമത പറഞ്ഞു.
ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു തെരഞ്ഞെടുപ്പ് എന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. രാജ്യത്തെ മറ്റ് രാഷ്ട്രീയ പാർട്ടികളെ ബിജെപി ഛിന്നഭിന്നമാക്കുകയാണെന്നും അവർ തുറന്നടിച്ചു. കർണാടകയിൽ അട്ടിമറി നടന്നപ്പോൾ ആരും ഒന്നും മിണ്ടിയില്ല. ബംഗാളിലും അത് തന്നെ നടക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ബിജെപി വെല്ലുവിളിച്ച പോലെ ബംഗാളും പിടിച്ചെടുക്കുന്നത് എങ്ങനെയെന്ന് താനൊന്ന് കാണട്ടേയെന്നും മമത കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here