‘മോദി ചെയ്ത നല്ല കാര്യങ്ങൾ നല്ലതെന്ന് പറയുക മാത്രമാണ് ചെയ്തത്’; കെ.പി.സി.സിക്ക് ശശി തരൂരിന്റെ വിശദീകരണം

മോദി സ്തുതിയുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പി കെപിസിസിക്ക് വിശദീകരണം നൽകി. താൻ മോദിയെ സ്തുതിച്ചിട്ടില്ലെന്നും തന്നെ മോദി സ്തുതി പാഠകനായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും തരൂർ വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മോദി ചെയ്ത നല്ല കാര്യങ്ങൾ നല്ലതെന്ന് പറയുക മാത്രമാണ് ചെയ്തത്. അങ്ങനെ ചെയ്താൽ മാത്രമേ വിമർശനങ്ങളെയും ജനങ്ങൾ അംഗീകരിക്കുകയുള്ളൂ. താൻ മോദിയെ വിമർശിച്ചിട്ടുള്ളത് പോലെ കേരളത്തിലെ ഒരു നേതാവും വിമർശിച്ചിട്ടില്ലെന്നും ശശി തരൂരിന്റെ വിശദീകരണത്തിലുണ്ട്.
Read Also; ‘മോദി സ്തുതി ഇവിടെ നടക്കില്ല’; തരൂരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ
മോദിയുടെ കടുത്ത വിമർശകനാണ് താൻ. ക്രിയാത്മക വിമർശനം ഇനിയും തുടരുമെന്നും തരൂർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ എപ്പോഴും കുറ്റം പറയുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന ശശി തരൂരിന്റെ പരാമർശമാണ് പാർട്ടിക്കുള്ളിൽ എതിർപ്പുയർത്തിയത്. തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ രമേശ് ചെന്നിത്തലയും കെ.മുരളീധരനും അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. മോദി അനുകൂല പ്രസ്താവനയിൽ ശശി തരൂരിനെതിരെ നടപടിയാവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി സോണിയാ ഗാന്ധിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ കെപിസിസി ശശി തരൂരിനോട് വിശദീകരണം തേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here