പ്ലാസ്റ്റിക്കിന് വിട പറഞ്ഞ് എയര്‍ ഇന്ത്യ

പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് വിട പറഞ്ഞ് എയര്‍ ഇന്ത്യ. രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതലാണ് പ്ലാസ്റ്റിക് ഉപയോഗിക്കില്ലെന്ന തീരുമാനം എയര്‍ ഇന്ത്യ എടുത്തത്. രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ആഹ്വാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്.
നിലവില്‍ യാത്രക്കാര്‍ക്കു നല്കി വരുന്ന പ്ലാസ്റ്റിക് കിറ്റ്, കപ്പ്, പാത്രം, സ്ട്രോ, കുപ്പി എന്നിവ ഒഴിവാക്കുകയാണെന്ന് ചെയര്മാന് ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ അശ്വനി ലൊഹാനി വ്യക്തമാക്കി. എയര്‍ ഇന്ത്യ എക്സ്പ്രസിലും അലയന്‍സ് എയറിലും ഈ തീരുമാനം ഗാന്ധി ജയന്തി മുതല്‍ നടപ്പാക്കും.
കുടിവെള്ളം, ചായ, കാപ്പി, എന്നിവ ഇനി പേപ്പര്‍ കപ്പുകളിലാണ് നല്‍കുക. മാത്രമല്ല, പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കു പകരം കനം കുറഞ്ഞ സ്റ്റീല്‍ പാത്രങ്ങളിലാവും ഇനി ഭക്ഷണം നല്‍കുക. പൂവരശിന്റെ തടികൊണ്ടുണ്ടാക്കിയ സ്പൂണ്‍, കത്തി, മുള്ള് എന്നിവ മാത്രമാണ് ഉപയോഗിക്കുക. ലഘു ഭക്ഷണ സാധനങ്ങള്‍ പേപ്പറിലുമാവും നല്‍കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here