പൗരത്വ പട്ടികയിൽ അതൃപ്തി; ഇനിയും ജനങ്ങളെ പുറത്താക്കണമെന്ന് ബിജെപി മന്ത്രി

അസം ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ അന്തിമ പട്ടികയില്‍ ബിജെപിക്ക് അതൃപ്തി. പട്ടിക ശരിയായ രീതിയിലല്ല പുറത്തുവന്നത് എന്ന് ആരോപിച്ച് ബിജെപി നേതാവും അസം ധനമന്ത്രിയുമായ ഹിമാന്ത ബിശ്വാ ശര്‍മ രംഗത്തെത്തി. കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നാണ് ഹിമാന്തയുടെ ആവശ്യം. കുടിയേറ്റക്കാരിലെ അവസാന ആളേയും പുറത്താക്കുന്നതുവരെ ബിജെപി പോരാട്ടം തുടരുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി ജില്ലകളിലെ പൗരത്വ പട്ടിക പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ബിജെപിയും സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയെ സമീപിക്കുമെന്നും ഹിമാന്ത വ്യക്തമാക്കി.
മൂന്നുകോടി, പതിനൊന്ന് ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി നാലുപേരാണ് അസം ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 19,06,657 പേരാണ് പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപ്പീല്‍ നല്‍കാനായി 120 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഇവരുടെ പരാതിയിന്മേല്‍ ആറുമാസത്തിനകം തീരുമാനമെടുക്കണം. ഇതിനായി അസമില്‍ 100 ഫോറിനേഴ്‌സ് ട്രൈബ്യൂണലുകൾ തുറന്നിട്ടുണ്ട്. സെപ്തംബര്‍ രണ്ടിന് 200 ട്രൈബ്യൂണലുകൾ കൂടി തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സെപ്തംബര്‍ അവസാന വാരത്തോടെ, 200 ട്രൈബ്യൂണലുകൾ കൂടി തുറക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതോടെ ആകെ 500 ട്രൈബ്യൂണലുകൾ ആരംഭിച്ച് 19 ലക്ഷംപേരുടെയും അപേക്ഷയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം തീരുമാനമെടുക്കും. ഈ റിപ്പോര്‍ട്ട് കൂടി സുപ്രീം കോടതിക്ക് കൈമാറും. സുപ്രിംകോടതി പട്ടിക വിലയിരുത്തിയ ശേഷം ദേശീയ പൗരത്വ രജിസ്ട്രാര്‍ക്ക് കൈമാറുന്നതോടെയാണ് പട്ടികയില്‍ നിന്നും പുറത്തായവര്‍ ഇന്ത്യന്‍ പൗരന്മാര്‍ അല്ലാതാകുക.
2013 ലാണ് ദേശീയ പൗരത്വ പട്ടിക പുതുക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചത്. കഴിഞ്ഞ ജൂലൈ 30 നകം പട്ടിക പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
അസം അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയിൽ വർധിക്കുന്നതായുള്ള പരാതിയെ തുടർന്നാണ് ദേശീയ പൗരത്വ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here