നെഹ്‌റു ട്രോഫി സംപ്രേഷണം വിലക്കിയ സംഭവം; പോരായ്മകൾ പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

നെഹ്‌റു ട്രോഫി വള്ളംകളി സംപ്രേഷണം ചെയ്യുന്നത് വിലക്കിയ നടപടിയിൽ പോരായ്മയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാർ സ്റ്റാർ സ്‌പോർട്‌സിന് പണം നൽകിയാണ് സംപ്രേക്ഷണം നടത്തുന്നത്. എത്ര പണം നൽകിയെന്നത് തനിക്കറിയില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
വള്ളംകളിയുടെ വാണിജ്യവൽക്കരണമാണ് ലക്ഷ്യംവയ്ക്കുന്നത്. നെഹ്‌റുവിനെ തള്ളിക്കളയുന്നത് കോൺഗ്രസുകാരാണെന്നും നെഹ്‌റുവിനെ ഇപ്പോഴും ആദരിക്കുന്നവരാണ് തങ്ങളെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ആശങ്കകൾക്കും ആശയക്കുഴപ്പങ്ങൾക്കുമിടെ ഇന്ന് നെഹ്‌റു ട്രോഫി വള്ളംകളി നടക്കാനിരിക്കെയാണ് മലയാളം ചാനലുകൾക്ക് സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയത്. സ്റ്റാർ സ്‌പോർട്‌സിനാണ് സംപ്രേഷണാവകാശം നൽകിയത്. പൊതുപണം ചാനലിന് നൽകി ടൂറിസം വകുപ്പാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. സംഭവം വിവാദമാകുകയും ചെയ്തു.
കേരളം രണ്ടാം പ്രളയത്തിന് സാക്ഷിയായപ്പോൾ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് വലിയ പ്രശ്‌നങ്ങൾ ഉടലെടുക്കാത്തതിനാൽ വള്ളംകളി നടത്താൻ ടൂറിസം വകുപ്പ് തീരുമാനിക്കുകയായിരുന്നു. മുഖമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാരോടൊപ്പം മുഖ്യാഥിതിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും എത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here