കൊങ്കണ്‍ പാതവഴിയുള്ള റെയില്‍ ഗതാഗതം ഇന്ന് ഉച്ചയോടെ പുനസ്ഥാപിക്കും

കൊങ്കണ്‍ പാതവഴിയുള്ള റെയില്‍ ഗതാഗതം ഇന്ന് ഉച്ചയോടെ പുനസ്ഥാപിക്കാന്‍ കഴിഞ്ഞേക്കും. പുതുതായി നിര്‍മ്മിച്ച ട്രാക്കില്‍ 11 മണിയോടെ ട്രയല്‍ റണ്‍ നടത്തും.
ട്രയല്‍ റണ്ണിന് ശേഷം റെയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് റെയില്‍വെ അധികൃതരുടെ വിലയിരുത്തല്‍. ഒരാഴ്ച മുന്‍പാണ് കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് കൊങ്കണ്‍ പാത വഴിയുള്ള റെയില്‍ ഗതാഗതം റദ്ദാക്കിയത്. നിലവില്‍ ഉണ്ടായിരുന്ന ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മണ്ണ് മാറ്റാനുള്ള ശ്രമങ്ങള്‍ 4 ദിവസമായും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പുതിയ ട്രാക്ക് സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്.
എന്നാല്‍ മഴ കനത്തത് പുതിയ ട്രാക്കിന്റെ നിര്‍മാണത്തിനം പ്രതികൂലമായി ബാധിച്ചു. ഇപ്പോള്‍ ട്രാക്കും സ്ലീപ്പറും സ്ഥാപിക്കുന്ന പ്രവര്‍ത്തിയും പൂര്‍ത്തിയായി. പുതിയ പാതയുടെ ബലപ്പെടുത്തലും ജോയിന്റിന്റെ സുരക്ഷ ഉറപ്പുവരുത്തലുമാണ് ഇനി ബാക്കിയുള്ളത്. ഇന്ന് ഉച്ചയോടെ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വെയുടെ പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here