സിപിഐഎം നേതാവ് എസ്‌ഐയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ ഇടപെട്ട് ഹൈക്കോടതി

സിപിഐഎം നേതാവ് സക്കീർ ഹുസൈൻ കളമശേരി എസ്‌ഐയെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ ഹൈക്കോടതി ഇടപെടൽ. വിഷയത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദാംശങ്ങൾ തേടി. പൊലീസ് സംരക്ഷണവുമായി ബന്ധപ്പെട്ട് മറ്റൊരു ഹർജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
സിപിഐഎം നേതാവും എസ്‌ഐയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ കേട്ടെന്ന് കോടതി പറഞ്ഞു. പൊലീസുകാരന്റെ കൃത്യ നിർവഹണത്തിൽ രാഷ്ട്രീയക്കാർ ഇടപെടുന്നതെങ്ങനെയെന്ന് കോടതി ആരാഞ്ഞു. കൃത്യനിർവഹണത്തിൽ ഇടപെട്ടിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറൽ മറുപടി നൽകി. പൊതുപ്രവർത്തകൻ എന്ന നിലയിൽ സ്വാഭാവികമായ കാര്യം തിരക്കുക മാത്രമാണ് ചെയ്തത്.
ഇതിന് ഭീഷണിയുടെ സ്വഭാവമില്ലെന്നും അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി.
Read more: കളമശേരി എസ്‌ഐക്കെതിരെ പരാതി നൽകാനൊരുങ്ങി സക്കീർ ഹുസൈൻ
എല്ലാ പൊതുപ്രവർത്തകരും ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടി വരും. അത് കൃത്യ നിർവഹണത്തിൽ ഇടപെടലായി കാണരുതെന്നും അഡ്വക്കേറ്റ് ജനറൽ കൂട്ടിച്ചേർത്തു. ഈ മാസം 19ന് വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് എസ്എഫ്‌ഐ നേതാവിന്റെ അറസ്റ്റ് ചോദ്യം ചെയ്യാൻ കളമശേരി എസ്‌ഐ അമൃത രംഗനെ ഫോണിൽ വിളിച്ച സക്കീർ ഹുസൈനും എസ്‌ഐയും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടത്. സിപിഐഎം ഏരിയ സെക്രട്ടറി എന്ന നിലയിൽ വളരെ മാന്യമായാണ് താൻ എസ്‌ഐയോട് സംസാരിച്ചതെന്ന് സക്കീർ പറഞ്ഞു എന്നാൽ എസ്‌ഐ തന്നോട് തട്ടിക്കയറുക മാത്രമല്ല ഈ സംഭാഷണം ചോർത്തി മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തുവെന്ന് സക്കീർ ആരോപിച്ചിരുന്നു. അതേസമയം, തന്നെ ഭീഷണിപ്പെടുത്താൻ സക്കീർ ഹുസൈൻ ശ്രമിച്ചപ്പോൾ അതിനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് എസ്‌ഐ അമൃത രംഗന്റെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here