റഹ്മത് ഷായ്ക്ക് സെഞ്ചുറി; ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാൻ മികച്ച നിലയിൽ

ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ശക്തമായ നിലയിൽ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന നിലയിലാണ് അഫ്ഗാൻ. 102 റൺസെടുത്ത റഹ്മത് ഷാ ആണ് അഫ്ഗാനിസ്ഥാൻ്റെ ടോപ്പ് സ്കോറർ. ബംഗ്ലാദേശിനു വേണ്ടി താജുൽ ഇസ്ലാം, നയീം ഹസൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഓപ്പണർമാരായ ഇഹ്സാനുല്ല ജന്നത്ത് (9), ഇബ്രാഹിം സർദാൻ (21) എന്നിവരോടൊപ്പം ഹസ്മതുല്ല ഷാഹിദി (14)യും വേഗം പുറത്തായതോടെ അഫ്ഗാനിസ്ഥാൻ 77/3 എന്ന നിലയിലേക്കു വീണു. തുടർന്ന് നാലാം വിക്കറ്റിൽ റഹ്മത് ഷായും അസ്ഗർ അഫ്ഗാനും ചേർന്ന കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്.
Read Also: സച്ചിനെ മറികടന്ന് അഫ്ഗാനിസ്ഥാൻ യുവതാരം ഇക്രം അലി
ഇരുവരും ചേർന്ന് 120 റൺസാണ് കൂട്ടിച്ചേർത്തത്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സെഞ്ചൂറിയൻ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ റഹ്മത് ഷാ തൊട്ടടുത്ത പന്തിൽ വീണു. 102 റൺസെടുത്താണ് ഷാ മടങ്ങിയത്. പിന്നീടെത്തിയ മുഹമ്മദ് നബി (0) മൂന്ന് പന്തുകൾ മാത്രം നേരിട്ട് മടങ്ങി. ശേഷം ആറാം വിക്കറ്റിൽ അസ്ഗർ അഫ്ഗാനൊപ്പം ചേർന്ന വിക്കറ്റ് കീപ്പർ അഫ്സർ സസായ് വീണ്ടും അഫ്ഗാനിസ്ഥാനെ താങ്ങി നിർത്തി. ഇരുവരും ചേർന്ന് 74 റൺസാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. അഫ്ഗാൻ 88 റൺസെടുത്തും സസായ് 35 റൺസെടുത്തും പുറത്താവാതെ നിൽക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here