സോഷ്യൽ മീഡിയയുടെ മനം കവർന്ന കുഞ്ഞുഗായിക അനന്യ സിനിമയിൽ പാടുന്നു

സോഷ്യൽ മീഡിയയുടെ മനം കവർന്ന അനന്യ സിനിമയിൽ പിന്നണി പാടുന്നു. പ്രജേഷ്‌സെൻ സംവിധാനം ചെയ്യുന്ന ‘വെള്ളം’ എന്ന ചിത്രത്തിലാണ് അനന്യ പാടുന്നത്. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ നായകൻ.
നടി അനുമോളാണ് അനന്യയുടെ വീഡിയോ തനിക്ക് പങ്കുവച്ചതെന്ന് ബിജിബാൽ പറഞ്ഞു. കുട്ടിയെ സിനിമയിൽ പാടിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പ്രജേഷ് ഒരുക്കുന്ന ചിത്രത്തിൽ കുട്ടികളുടെ ഒരു പാട്ടുണ്ട്. അതാണ് അനന്യ പാടുകയെന്നും ബിജിബാൽ പറഞ്ഞു. അടുത്തയാഴ്ച അനന്യ കൊച്ചിയിലെത്തും. തുടർന്ന് വർക്കുകൾ ആരംഭിക്കുമെന്നും ബിജിബാൽ വ്യക്തമാക്കി. ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം പ്രജേഷ്‌സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ‘വെള്ളം’.
ജന്മനാ കാഴ്ചയില്ലാത്ത അനന്യ എന്ന കൊച്ചുഗായികയുടെ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ഉയരെ’ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്ന ഗാനമായിരുന്നു അനന്യ പാടിയത്. കണ്ണൂർ വാരം സ്വദേശിനിയായ അനന്യ ധർമ്മശാല മാതൃകാ അന്ധ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here