ആണവ ഗവേഷണത്തിനും വികസനത്തിനും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് ഇറാൻ

ആണവ ഗവേഷണത്തിനും വികസനത്തിനും ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ച് ഇറാന്‍. 2015ല്‍ ഒപ്പിട്ട ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതുമായി ബന്ധപ്പെട്ട മൂന്നാമത്തെ പ്രധാനപ്പെട്ട ചുവടുവെയ്പ്പാണിത്. സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ സംഭരണം 300 കിലോയ്ക്ക് താഴെ മാത്രമാക്കി നിര്‍ത്തുന്നത് അടക്കമുള്ള കരാര്‍ വ്യവസ്ഥകളില്‍ നിന്ന് നേരത്തെ ഇറാന്‍ പിന്മാറിയിരുന്നു.
ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡുമായി പങ്കാളിത്തമുള്ള എണ്ണക്കപ്പല്‍ ഗതാഗത ശൃംഖലയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതായി അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആണവ ഗവേഷണത്തിനും വികസനത്തിനും ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഇറാന്‍ പിന്‍വലിച്ചത്. ആണവ ഗവേഷണത്തിനും വികസനത്തിനും ആവശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ ഇറാന്‍ ആണവോര്‍ജ സംഘടന നിര്‍ദേശിച്ചതായി പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ആണവ ഗവേഷണവും വികസനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന എല്ലാ നിയന്ത്രണങ്ങളും റദ്ദാക്കാനും ആണവ കരാര്‍ വ്യവസ്ഥകളില്‍ നിന്ന് പിന്‍വാങ്ങാനുമാണ് നിര്‍ദേശം.
പുതിയ സാഹചര്യത്തില്‍ യുറേനിയം സമ്പുഷ്ടീകരണം വേഗത്തിലാക്കാന്‍ ഇറാന്‍ നടപടിയെടുക്കും. എന്നാല്‍ ആണവ കരാറില്‍ പറയുന്ന പരിമിതികള്‍ക്കുള്ളില്‍ നിന്ന് മാത്രമായിരിക്കും ഇതെന്നാണ് സൂചന. സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ സംഭരണം 300 കിലോയ്ക്ക് താഴെ മാത്രമാക്കി നിര്‍ത്തുന്നത് അടക്കമുള്ള ആണവ കരാറില്‍ പറഞ്ഞിരുന്ന കാര്യങ്ങളാണ് ജൂലൈയില്‍ ഇറാന്‍ റദ്ദ് ചെയ്തിരുന്നത്.
2015 ല്‍ ആണവ കരാറില്‍ ഒപ്പിട്ടതിന് പിന്നാലെ ആണവ പദ്ധതികളില്‍ നിന്ന് ഇറാന്‍ പിന്മാറുകയും പകരം ഇറാന് മേലുള്ള ഉപരോധങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ 2018 മെയില്‍ അമേരിക്ക കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങുകയും ഇറാന് മേല്‍ വീണ്ടും കൂടുതല്‍ ശക്തമായി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതാണ് ആണവ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here