സിംബാബ്‌വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ അന്തരിച്ചു

സിംബാബ്‌വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ അന്തരിച്ചു. 95 വയസായിരുന്നു. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാല് പതിറ്റാണ്ടോളം സിംബാബ്‌വെ ഭരിച്ച മുഗാബെ 2017 നവംബറിലാണ് അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടത്. വാർധക്യ രോഗങ്ങളെ തുടർന്ന് അഞ്ച് മാസമായി സിംഗപ്പൂരിൽ ചികിത്സയിലായിരുന്നു. സിംബാബ്‌വെയുടെ സ്വാതന്ത്ര്യസമര നായകനും ആദ്യ പ്രധാനമന്ത്രിയുമായ മുഗാബെ 1921 ഫെബ്രുവരി 24നാണ് ജനിച്ചത്. 1950 കളിൽ ഘാനയിൽ അധ്യാപകനായി ജോലി നോക്കിയിരുന്ന മുഗാബെ 1960 ൽ നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണ സെക്രട്ടറിയായാണ് രാഷ്ട്രീയ രംഗത്തേക്കെത്തുന്നത്.
Read Also; റോബർട്ട് മുഗാബെ രാജിവച്ചു
Robert Mugabe, Former President of Zimbabwe passes away at the age of 95, at a hospital in Singapore: Zimbabwean media. pic.twitter.com/arNO0I9Wf5
— ANI (@ANI) September 6, 2019
1963 ൽ സിംബാബ്‌വെ ആഫ്രിക്കൻ നാഷണൽ യൂണിയൻ രൂപീകരിച്ചു. ടാൻസാനിയ കേന്ദ്രമാക്കിയായിരുന്നു പ്രവർത്തനം. 1964ൽ അറസ്റ്റിലായതിനെ തുടർന്ന് മുഗാബെയ്ക്ക് പത്ത് വർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നു. 1974 ൽ ജയിൽ മോചിതനായ ശേഷം മൊസാംബിക് ആസ്ഥാനമായി ഗറില്ലാ മുന്നേറ്റത്തിന് നേതൃത്വം നൽകി. 1980 ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട സിംബാബ്‌വെയുടെ പ്രഥമ പ്രധാനമന്ത്രിയായി.
Read Also; റോബർട്ട് മുഗാബെയെ ലോകാരോഗ്യസംഘടനയുടെ അംബാസിഡർ സ്ഥാനത്തുനിന്ന് നീക്കി
തുടർന്ന് 1987 ൽ പ്രസിഡന്റായ മുഗാബെ തുടർന്ന് 2017 വരെ ആ സ്ഥാനത്ത് തുടർന്നു.സ്വേച്ഛാധിപതിയായ ഭരണാധികാരിയായാണ് പാശ്ചാത്യലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. 2017 സെപ്തംബറിൽ മുഗാബെയ്‌ക്കെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാകുകയും അക്രമങ്ങൾ അരങ്ങേറുകയും ചെയ്തതോടെ നവംബറിൽ സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here