കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പിഡബ്ലുഡി എന്ത് പിഴച്ചു? കൈയൊഴിഞ്ഞ് മന്ത്രി ജി സുധാകരൻ

കൊച്ചിയിലെ ഗതാഗതക്കുരുക്ക് പ്രശ്‌നത്തിൽ കൈയൊഴിഞ്ഞ് മന്ത്രി ജി സുധാകരൻ. ഗതാഗതക്കുരുക്കിന് പിഡബ്ലുഡി എന്ത് പിഴച്ചെന്ന് മന്ത്രി ചോദിച്ചു. ഗതാഗതം നിയന്ത്രിക്കുന്നത് പിഡബ്ല്യുഡിയല്ല. നിയന്ത്രിക്കേണ്ടത് എസ്പിയും ജില്ലാ കളക്ടറുമാണെന്ന് ജി സുധാകരൻ പറഞ്ഞു. കുണ്ടന്നൂർ പാലം പണി പൂർത്തിയാക്കാൻ ഏഴ് മാസം വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഗതാഗതകുരുക്ക് രൂക്ഷമായ കുണ്ടന്നൂരിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കുണ്ടന്നൂരിൽ മാത്രം അറ്റകുറ്റപ്പണിക്കായി 7 കോടി രൂപ അനുവദിച്ചു. മഴയത്ത് അറ്റകുറ്റപ്പണി ചെയ്യുകയാണെങ്കിൽ ടാറിംഗ് ചെയ്യാനാവില്ല, പകരം ടൈൽസ് ഇടാനെ കഴിയു. 1500 മീറ്റർ ടൈൽസ് ഇടുന്നതിന്റെ പണി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
രാത്രിയിൽ മാത്രം ഫ്‌ളൈ ഓവറിന്റെ പണി നടന്നപ്പോൾ ഒരു പത്രം എഴുതി പകൽ പണി നടക്കുന്നില്ലെന്ന്. എല്ലാവരും എല്ലാ കാര്യവും മനസിലാക്കണം. പണി നടക്കുന്നതിന് മുൻപ് എറണാകുളത്ത് ഗതാഗത സംവിധാനം സ്മൂത്ത് ആയിരുന്നോ?. മെട്രോ പണി നടന്നപ്പോൾ എത്രമണിക്കൂറാണ് ജനങ്ങൾ വഴിയിൽ കിടന്നത്. ബോധപൂർവം പ്രശ്‌നമുണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. രണ്ട് ഫ്‌ളൈ ഓവർ പണിയുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here