‘ഡി കെ ശിവകുമാറിന്റെ അറസ്റ്റിന് പിന്നിൽ സിദ്ധരാമയ്യ’; ആരോപണവുമായി ബിജെപി അധ്യക്ഷൻ

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി കെ ശിവകുമാറിന്റെ അറസ്റ്റിന് പിന്നിൽ സിദ്ധരാമയ്യയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. ശിവകുമാറിന്റെ വളർച്ച കണ്ട സിദ്ധരാമയ്യയാണ് ഇത് ചെയ്തതെന്ന് സംശയിക്കുന്നതായും കട്ടീൽ പറഞ്ഞു.
2017 ൽ ശിവകുമാറിന്റെ വീടുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ വിഷയത്തിൽ ഇടപെട്ടില്ല. അത്ര അടുത്ത ബന്ധമായിരുന്നുവെങ്കിൽ സിദ്ധരാമയ്യ എന്തുകൊണ്ട് ശിവകുമാറിന് വേണ്ടി ഇടപെടൽ നടത്തിയില്ലെന്നും കട്ടീൽ ചോദിച്ചു. ശിവകുമാറിന്റെ അറസ്റ്റിൽ ബിജെപിക്ക് പ്രത്യേക റോളില്ല. ബിജെപിക്ക് എന്തെങ്കിലും ചെയ്യണമായിരുന്നുവെങ്കിൽ അത് തെരഞ്ഞെടുപ്പിന് മുൻപാകാമായിരുന്നുവെന്നും കട്ടീൽ വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസിൽ നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്.
Read also: കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ അറസ്റ്റിൽ
ശിവകുമാറിന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്തുവെന്നാണ് കേസ്. 8.59 കോടി രൂപയാണ് പിടിച്ചെടുത്തത്. ആദായനികുതി വകുപ്പാണ് ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ്് കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ശിവകുമാറിനെ സെപ്റ്റംബർ 13വരെ കോടതി ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here