നാസിൽ അബ്ദുള്ളക്കെതിരെ നിയമ നടപടിക്കൊരുങ്ങി തുഷാർ വെള്ളാപ്പള്ളി

ചെക്ക് കേസിൽ പരാതിക്കാരനായ നാസിൽ അബ്ദുള്ളക്കെതിരെ നിയമ നടപടിക്കൊരുങ്ങി തുഷാർ വെള്ളാപ്പള്ളി. നാസിലിനെതിരെ ക്രിമിനൽ കേസ് നൽകുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാർ കേസ് നൽകുക. അജ്മാനിലെ കോടതിയിൽ കേസ് നടത്തുന്നതിനായി അഭിഭാഷകനെ ചുമതലപ്പെടുത്തും.
തുഷാറിനെതിരായ ചെക്ക് കേസ് കഴിഞ്ഞ ദിവസം അജ്മാൻ കോടതി തള്ളിയിരുന്നു. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്. തുഷാറിന് പാസ്‌പോർട്ട് തിരികെ നൽകാനും കോടതി ഉത്തരവിട്ടിരുന്നു.
ചെക്ക് കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 21 ന് അജ്മാൻ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തിരുന്നു. വൻ തുക കെട്ടിവച്ചാണ് തുഷാർ പുറത്തിറങ്ങിയത്. പത്ത് വർഷം മുമ്പ് നൽകിയ പത്ത് ദശലക്ഷം ദിർഹത്തിന്റെ ചെക്ക് സംബന്ധിച്ചായിരുന്നു തുഷാറിനെതിരായ കേസ്. വെള്ളാപ്പള്ളി നടേശന്റ ഉടമസ്ഥതയിൽ അജ്മാനിൽ ഉണ്ടായിരുന്ന ബോയിംഗ് കൺസ്ട്രക്ഷന്റെ സബ് കോൺട്രാക്ടറായിരുന്ന നാസിൽ അബ്ദുള്ളയാണ് പരാതിക്കാരൻ. കമ്പനി നഷ്ടത്തിലായതോടെ വെള്ളാപ്പള്ളി കമ്പനി കൈമാറിയിരുന്നു. നാസിൻ അബ്ദുള്ളയ്ക്ക് കുറച്ച് പണം കൈമാറാനുണ്ടായിരുന്നു. പണത്തിന് പകരം തീയതിവയ്ക്കാത്ത ഒരു ചെക്കാണ് നൽകിയത്. ഈ ചെക്കിന്റെ പേരിലാണ് നാസിൻ അബ്ദുള്ള തുഷാറിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
കേസ് സംബന്ധിച്ച് തുഷാർ വെളളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. പൊലീസിൽ പരാതി നൽകിയത് മറച്ചുവച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാർ കേരളത്തിൽ നിന്ന് അജ്മാനിലെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തുകയായിരുന്നു. ഇതിന്റെ ചർച്ചക്കിടയിലാണ് പരാതിക്കാർ നൽകിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here